അടുത്ത അധ്യയനവര്‍ഷം ഹൈടെക് സ്‌കൂളുകള്‍ പ്രവര്‍ത്തനസജ്ജമാക്കും: മന്ത്രി

ചാലക്കുടി: ഹൈടെക് സ്‌കൂളുകള്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് വിദ്യഭ്യാസ വകുപ്പ് മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. ഗവ.ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിലെ പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയ നവീകരണ പദ്ധതിയുടെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്ത് സംരക്ഷിക്കുകയായിരുന്നു മന്ത്രി.
ലോകത്തെ ഏറ്റവും ശാസ്ത്രീയമായ രീതിയിലുള്ള വിദ്യഭ്യാസ രീതി കേരളത്തിലെയാണ്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പൊതുവിദ്യഭ്യാസ സ്ഥാപനങ്ങളെല്ലാം ഹൈടെക്കാകും. ഹൈടെക് ക്ലാസ്സുകള്‍ നല്ല ഭക്ഷണം എന്നിവ നല്കി സാധാരണക്കാരായ വിദ്യാര്‍ത്ഥികളുടെ വിദ്യഭ്യാസ നിലവാരം ഉയര്‍ത്തും. ഹൈടെക് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ള അധ്യാപകരെയാണ് ആവശ്യം.
അത്തരത്തിലുള്ള അധ്യാപകരെ വാര്‍ത്തെടുക്കുകയാണ് ഇതുപോലുള്ള ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ ചെയ്യേണ്ടത്. അധ്യാപകരെ കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസ രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചുള്ള വിദ്യഭ്യാസ രീതിയാണ് നടപ്പിലാക്കുന്നത്. ഒരു ക്ലാസ്സില്‍ മുപ്പത് കുട്ടികളുണ്ടെങ്കില്‍ മുപ്പത് യൂണിറ്റായി കണക്കാക്കണം.
അത്തരത്തിലുള്ള തിരിച്ചറിവാണ് അദ്യാപകര്‍ക്കുണ്ടാകേണ്ടത്. പരീക്ഷയില്‍ എ-പ്ലസ് നേടിയതുകൊണ്ടു മാത്രമായില്ല ജീവിതത്തിലും എ-പ്ലസ്സ് നേടിയാലേ നൂറ് ശതമാനം വിജയമാകൂവെന്നും മന്ത്രി പറഞ്ഞു. ബി.ഡി.ദേവസ്സി എം.എല്‍.എ.അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍ മുഖ്യാതിഥിയായി. വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പില്‍, പ്രതിപക്ഷ നേതാവ് വി.ഒ.പൈലപ്പന്‍, കൗണ്‍സിലര്‍മാരായ യു.വി.മാര്‍ട്ടിന്‍, ആലീസ് ഷിബു, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.വി.ടി.ജയറാം, പി.ടി.എ.പ്രസിഡന്റ് നൈസി വര്‍ഗ്ഗീസ്, ഒ.ആര്‍.നാരായണന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. ഗവ.ടി.ടി. ഐ. പ്രിന്‍സിപ്പാള്‍ കെ.വി.മോഹനന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സനോജ് എം.ആര്‍.നന്ദിയും പറഞ്ഞു.

RELATED STORIES

Share it
Top