അടുക്കള മാലിന്യം നീക്കാത്തതിന് പോലിസുകാരനു സ്ഥലംമാറ്റം; അന്വേഷണം ആരംഭിച്ചു

തൃശൂര്‍: അടുക്കള മാലിന്യം നീക്കം ചെയ്യാത്തതിന് പോലിസുകാരനെ എആര്‍ ക്യാംപിലേക്ക് സ്ഥലംമാറ്റിയെന്ന പരാതിയില്‍ രഹസ്യാന്വേഷണവിഭാഗം അന്വേഷണം തുടങ്ങി. മണ്ണുത്തി പോലിസ് സ്‌റ്റേഷനിലെ വനിതാ ഐപിഎസ് ട്രെയിനിക്കെതിരേയാണ് ആരോപണം ഉയര്‍ന്നത്. വീട്ടുപണി ചെയ്യാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് പോലിസുകാരനെ എആര്‍ ക്യാംപിലേക്ക് മാറ്റിയെന്നാണ് പരാതി.
അടുക്കള മാലിന്യം നീക്കാന്‍ തയ്യാറാകാത്തതാണ് ഉദ്യോഗസ്ഥയെ ചൊടിപ്പിച്ചതെന്നാണ് പോലിസുകാരന്റെ വെളിപ്പെടുത്തല്‍. പോലിസ് യൂനിഫോമിട്ട് ഇത്തരം ജോലികള്‍ ചെയ്യാനാവില്ലെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ തനിക്കെതിരേ ഗുരുതര അച്ചടക്കലംഘനത്തിനു മേലുദ്യോഗസ്ഥര്‍ക്കു റിപോര്‍ട്ട് സമര്‍പ്പിച്ചെന്നാണ് പോലിസുകാരന്റെ പരാതി.
തന്നെക്കൊണ്ട് ഇവര്‍ വീട്ടുപണികള്‍ ചെയ്യിച്ചിരുന്നുവെന്നും ഇയാള്‍ വെളിപ്പെടുത്തി. ഐപിഎസ് ട്രെയിനിയായ ഉദ്യോഗസ്ഥയ്ക്കും അമ്മയ്ക്കും കുളിക്കാന്‍ ചൂടുവെള്ളം കുളിമുറിയില്‍ കൊണ്ടുവയ്ക്കുക, വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങുക തുടങ്ങിയ പണികള്‍ തന്നെക്കൊണ്ട് ചെയ്യിച്ചിരുന്നതായി പോലിസുകാരന്‍ വെളിപ്പെടുത്തിയതോടെയാണ് മണ്ണുത്തി രഹസ്യാന്വേഷണവിഭാഗം അന്വേഷണം തുടങ്ങിയത്.

RELATED STORIES

Share it
Top