അടുക്കത്ത് കോളജില്‍ സംഘര്‍ഷം: 10 പേര്‍ക്ക് പരിക്ക്

കുറ്റിയാടി: മുസ്്‌ലിം യത്തീംഖാനയുടെ കീഴിലുള്ള അടുക്കത്ത് മിസ് ബാഹുല്‍ ഹുദ കോളജില്‍ സംഘര്‍ഷം. കാംപസ് ഫ്രണ്ട്, എംഎസ്എഫ്, എസ്എഫ്‌ഐ എന്നീ സംഘടനയിലെ വിദ്യാര്‍ഥികള്‍ക്കും പോലിസുകാര്‍ക്കുമാണ് പരിക്കേറ്റത്.
എംഎസ്എഫ് പ്രവര്‍ത്തകരായ അശീര്‍ സഹല്‍, ഷെരീഫ് എന്നിവരെ കോഴിക്കോട്  മെഡിക്കല്‍ കോളജ് ആശുപത്രിയിലും കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരായ മിസ്ഹബ്, സുഹൈല്‍, എസ്എഫ് ഐ പ്രവര്‍ത്തകരായ ഷിബിന്‍, പ്രജീഷ്, രസില്‍, ഫിദല്‍ എന്നിവരെ കുറ്റിയാടി ഗവ. താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുറ്റിയാടി എഎസ്‌ഐ വിശ്വനാഥന്‍, സിപിഒ രാജീവന്‍ എന്നിവരെ പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം വിട്ടയച്ചു.
കോളജില്‍ ഒന്നാം വര്‍ഷ ബിരുദ ക്ലാസ് തുടങ്ങിയ വെളളിയാഴ്ചയാണ് സംഘര്‍ഷം ഉടലെടുത്തത്. ഇതിന്റെ ഭാഗമായി നവാഗതര്‍ക്ക് സ്വാഗതമോതി വിവിധ വിദ്യാര്‍ഥി സംഘടനകള്‍ ബാനറുകളും കൊടിതോരണങ്ങളും സ്ഥാപിച്ചിരുന്നു.
കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ സ്ഥാപിച്ച കൊടിതോരണങ്ങളും ബാനറുകളും പുറമെ നിന്നെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വലിച്ചു കീറിയതാണ് സംഘര്‍ഷത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. വിവരമറിഞ്ഞെത്തിയ പോലിസ് രംഗം ശാന്തമാക്കി.
പിന്നീട് രക്ഷിതാക്കളെത്തി വിദ്യാര്‍ഥികളെ വീട്ടിലേക്ക് വാഹനത്തില്‍ കൊണ്ടു പോകമ്പോള്‍ പല ഭാഗത്തും ആക്രമികള്‍ പതിയിരുന്ന് ആക്രമണം നടത്തിയതായും പറയപ്പെടുന്നു.
രംഗം ശാന്തമാക്കാന്‍ പോലിസ് രണ്ട് തവണ ലാത്തി വീശി. മേഖലയിലെ പല ഭാഗത്തും വിവിധ സംഘടനകള്‍ സ്ഥാപിച്ച ബാനറുകളും കൊടിമരങ്ങളും നശിപ്പിക്കപ്പെട്ടു.

RELATED STORIES

Share it
Top