അടുക്കത്ത്ബയല്‍ സ്‌കൂളിലെ മുഴുവന്‍ ക്ലാസ് റൂമുകളും സ്മാര്‍ട്ടായി

കാസര്‍കോട്: അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും കൈകോര്‍ത്തപ്പോള്‍ അടുക്കത്ത്ബയല്‍ ഗവ. യുപി സ്‌കൂള്‍ സ്മാര്‍ട്ടായി. വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് 32 ദിവസം കൊണ്ട് 32 സ്മാര്‍ട്ട് ക്ലാസ് മുറികള്‍ എന്ന പദ്ധതി സ്‌കൂള്‍ ലക്ഷ്യത്തിലെത്തിച്ചത്. സ്മാര്‍ട്ടായ ലോകത്ത്, കുട്ടികളെ സ്മാര്‍ട്ടാക്കാന്‍ ഹൈടെക്ക് ക്ലാസ്മുറികള്‍ വേണമെന്ന അധ്യാപകരുടെ ആഗ്രഹമാണ് നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും സഹായത്തോടെ സഫലമായത്.
ഓരോ ക്ലാസ് മുറിയിലും ഹൈടെക് ബോക്‌സുകള്‍ തന്നെ സജ്ജീകരിച്ചിട്ടുണ്ട്. എല്‍സിഡി പ്രൊജക്ടര്‍, ഹോം തിയേറ്റര്‍, വൈഫൈ കണക്ടര്‍ ഉപാധികള്‍, ഇലക്ട്രിക് സംവിധാനങ്ങള്‍ എന്നിവ അടങ്ങുന്നതാണ് ഹൈടെക് ബോക്‌സുകള്‍. ചുവരില്‍ ഓട്ടോമാറ്റിക് സ്‌ക്രീനുമുണ്ട്. ലാപ്‌ടോപ്പ് അടക്കം ഒരു ക്ലാസ് മുറിയിലെ ഹൈടെക്ക് ബോക്‌സിന് 75,000 രൂപയാണ് ചെലവ്. ലാപ്‌ടോപ് അധ്യാപകര്‍ വാങ്ങിയപ്പോള്‍, ബാക്കി തുക പൂര്‍വ വിദ്യാര്‍ഥികളില്‍ നിന്നും നാട്ടുകാരില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പിലൂടെയുമാണ് കണ്ടെത്തിയത്. ഹൈടെക് സംവിധാനം ഉപയോഗിച്ചുള്ള ട്രയല്‍ ക്ലാസുകള്‍ സ്‌കൂളില്‍ തുടങ്ങിക്കഴിഞ്ഞു. വരുന്ന അധ്യയനവര്‍ഷത്തെ പ്രവേശനോല്‍സവത്തിനോടനുബന്ധിച്ചു സമ്പൂര്‍ണ ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കും.  പ്രീ പ്രൈമറി മുതല്‍ ഏഴാംക്ലാസ്സ് വരെ മലയാളം, കന്നഡ, ഇംഗ്ലീഷ് മീഡിയങ്ങളി
ലായി 816 കുട്ടികള്‍ ഇവിടെ പഠിക്കുന്നു. പാഠ്യേതര വിഷയങ്ങളില്‍ ശ്രദ്ധേയമായ വിജയം നേടിയ സ്‌കൂളില്‍ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളാണ് വിദ്യാര്‍ഥികളെ കാത്തിരിക്കുന്നതെന്ന് പ്രധാനാധ്യാപകന്‍ യു രാമയും പിടിഎ പ്രസിഡന്റ് കെ സുരേന്ദ്രനും അധ്യാപകനായ അശോകന്‍ കുണിയേരിയും പറഞ്ഞു.

RELATED STORIES

Share it
Top