അടിസ്ഥാന സൗകര്യ വികസനത്തിന് 5.97 ലക്ഷം കോടി

ന്യൂഡല്‍ഹി: 2018-19 സാമ്പത്തിക വര്‍ഷത്തെ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ബജറ്റ് വകയിരുത്തിയത് 5.97 ലക്ഷം കോടി രൂപ. രാജ്യത്തെ റോഡ്, റെയില്‍, ആഭ്യന്തര ജലഗതാഗതം, വിമാനത്താവളങ്ങള്‍ എന്നിവയുടെ വികസനത്തിനായാണ്് തുക വകയിരുത്തിയത്. ഇതിലൂടെ രാജ്യത്തെ തൊഴിലവസരങ്ങളില്‍ ക്രമാനുഗതമായ വര്‍ധനയുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി. 4.94 ലക്ഷം കോടിയായിരുന്നു കഴിഞ്ഞ തവണ അടിസ്ഥാന സൗകര്യ വികസനത്തിനായി ബജറ്റ് നീക്കിയിരിപ്പ്. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് അത്യാവശ്യമായ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി നേരിട്ട് വിലയിരുത്താറുള്ളതായും ധനമന്ത്രി പറഞ്ഞു. ഇതിനോടകം 9.46 ലക്ഷം കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ അതിവേഗ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കി. റെയില്‍-റോഡ് ഗതാഗത വികസനത്തിനായി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണ് ഇത്തവണ വകയിരുത്തിയിട്ടുള്ളതെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 9000 കിലോമീറ്റര്‍ ഹൈവേകള്‍ നിര്‍മിക്കും. ഇതിനു പുറമേ രാജ്യത്തെ അതിര്‍ത്തി പ്രദേശങ്ങളടക്കം പിന്നാക്കമേഖലകളെ ഭാരത്മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡ് മാര്‍ഗം ബന്ധിപ്പിക്കും. ഇതിനായി 5.35 ലക്ഷം കോടി ചെലവില്‍ 35,000 കിലോമീറ്റര്‍ ഹൈവേ നിര്‍മിക്കും. രാജ്യത്തെ വിനോദസഞ്ചാര വികസനത്തിനും അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിനും സീപ്ലെയിന്‍ പദ്ധതികള്‍ വ്യാപിപ്പിക്കും. ഇതിനായുള്ള മാര്‍ഗരേഖകള്‍ തയ്യാറാക്കിവരുകയാണെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top