അടിസ്ഥാന സൗകര്യമില്ല; റാണിപുരം ടൂറിസ്റ്റ് കേന്ദ്രം അവഗണനയില്‍

രാജപുരം:  അടിസ്ഥാന സൗകര്യങ്ങളുടെ അഭാവംമൂലം ജില്ലയിലെ പ്രകൃതി മനോഹരമായ റാണിപുരം ടൂറിസം കേന്ദ്രത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവ് കുറയുന്നു. സമുദ്രനിരപ്പില്‍ നിന്ന് 3200 ഫീറ്റ് ഉയരത്തില്‍ കിടക്കുന്ന റാണിപുരം ടൂറിസം കേന്ദ്രത്തില്‍ വൈദ്യുതിയും വെളിച്ചവും ഗതാഗത സൗകര്യവും ഇല്ലാത്തത് മൂലം വിനോദസഞ്ചാരികളുടെ വരവില്‍ ഗണ്യമായ കുറവ്.
2012ല്‍ സര്‍ക്കാറിന് നല്‍കിയ അപേക്ഷയെ തുടര്‍ന്ന് 2013ലാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് റാണിപുരം കേന്ദ്രം വിട്ടുകൊടുത്തത്. ഡിടിപിസി സെക്രട്ടറിയായിരുന്ന നാഗേഷ് തെരുവത്ത് പ്രത്യേക താല്‍പര്യമെടുത്ത് ടൂറിസം കേന്ദ്രത്തില്‍ ക്വാട്ടേജുകളും ഹോട്ടലുകളും നിര്‍മിക്കുകയും ചില അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എട്ട് ഡബിള്‍ റൂം ക്വാട്ടേജുകളും നാല് ഫാമിലി ക്വാട്ടേജുകളും കോണ്‍ഫറന്‍സ് ഹാള്‍, റസ്റ്റോറന്റ് എന്നിവയും ഏര്‍പ്പെടുത്തിയിരുന്നു.
ഇതിന്റെ നടത്തിപ്പ് കരാര്‍ അടിസ്ഥാനത്തില്‍ സ്വകാര്യ വ്യക്തികള്‍ ഏറ്റെടുത്തിട്ടുണ്ട്. പ്രതിമാസം ഈയിനത്തില്‍ ഒരു ലക്ഷം രൂപ വാടകയായി ലഭിക്കുന്നു. എന്നാല്‍ പ്രദേശത്തെ വൈദ്യുതി തടസ്സം ടൂറിസം മേഖലയെ തകര്‍ക്കുന്നു. മൊബൈല്‍ ഫോണുകള്‍ക്ക് റേഞ്ച് കിട്ടാത്തതിനാല്‍ ടൂറിസ്റ്റുകള്‍ ഇവിടേക്ക് വരുന്നില്ല.  പ്രദേശത്തേക്ക് നല്ല റോഡോ മറ്റ് ഗതാഗത സൗകര്യമോ ഇല്ല.
ജില്ലാ ആസ്ഥാന നഗരിയില്‍ നിന്ന് 75 കിലോമീറ്റര്‍ ദൂരത്താണ് പ്രകൃതി മനോഹരമായ റാണിപുരം ടൂറിസ്റ്റ് കേന്ദ്രം സ്ഥിതിചെയ്യുന്നത്. കര്‍ണാടകയിലെ ബാഗമണ്ഡലത്തിലേക്ക് വിനോദ സഞ്ചാരത്തിന് പോകുന്നവര്‍ പോലും ഈ കേന്ദ്രത്തെ അവഗണിക്കുകയാണ്. അതേസമയം കൊടുംകാടായതിനാല്‍ ഇവിടേക്കുള്ള വിനോദ സഞ്ചാരികളെ കൊണ്ടുപോകുന്നത് 2016 മുതല്‍ വനംവകുപ്പ് ഏറ്റെടുത്തിരിക്കുകയാണ്.
മുന്‍കാലങ്ങളില്‍ ആളുകള്‍ വിനോദത്തിനെത്തി കാടിനകത്ത് കുടുങ്ങിയ സംഭവങ്ങളെ തുടര്‍ന്നാണ് ഇതിനകത്ത് എത്തുന്നവരെ കൊണ്ടുപോരാന്‍ വനംവകുപ്പിനെ ചുമതലപ്പെടുത്തിയത്. ഇതിന് 30 രൂപയാണ് ഒരാളില്‍ നിന്ന് ഈടാക്കുന്നത്. ടൂറിസം രംഗത്ത് അനന്തസാധ്യതയുള്ള കാസര്‍കോട്ടെ ഊട്ടിയെന്നറിയപ്പെടുന്ന റാണിപുരം ടൂറിസം കേന്ദ്രത്തോട് കാണിക്കുന്ന അവഗണന മൂലം ടൂറിസ്റ്റുകള്‍ ഈ പ്രദേശത്തെ കൈയൊഴിയുകയാണ്

RELATED STORIES

Share it
Top