അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 70 ലക്ഷം അനുവദിച്ചു

ആലപ്പുഴ: അഗതികളും അശരണരുമായ എല്ലാവര്‍ക്കും ഒരു നേരത്തെയെങ്കിലും ഭക്ഷണം വീടുകളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ ആരംഭിക്കുന്ന വിശപ്പുരഹിത കേരളം പദ്ധതിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള തുടക്കം 24ന് ആലപ്പുഴ നഗരസഭയില്‍ നടക്കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്ക് പറഞ്ഞു. വിശപ്പ് രഹിത കേരളം പദ്ധതിയുടെ കലകടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മന്ത്രിയുടെ പ്രത്യേക താല്‍പ്പര്യപ്രകാരം ആലപ്പുഴ നഗരസഭയില്‍ ആണ് സംസ്ഥാനത്ത് ആദ്യമായി പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാര്‍ 70 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ പണം നല്‍കി മാതൃക കാണിച്ചെങ്കിലും പൂര്‍ണമായും സര്‍ക്കാര്‍ സഹായത്തോടെയല്ല പദ്ധതി വിഭാവനം ചെയ്തിട്ടുളളതെന്ന് ധനമന്ത്രി പറഞ്ഞു. സന്നദ്ധ സംഘടനകള്‍ വഴിയും മററ് സന്മനസ്സുകളുടെയും സഹായത്തോടെയാണ് പദ്ധതി തുടര്‍ന്നുപോകുക. ആദ്യഘട്ടത്തില്‍ 24 വാര്‍ഡുകളില്‍ പ്പെട്ട  240 ഗുണഭോക്താക്കള്‍ക്കാണ് വീടുകളില്‍ ഭക്ഷണം എത്തിക്കുക.ഭക്ഷ്യ  വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന പദ്ധതി പ്രാരംഭഘട്ട ബുദ്ധിമുട്ടുകള്‍ തരണം ചെയ്ത ശേഷം കേരളം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.  പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രിയുടെ  സമയം ലഭിക്കുന്ന മുറയ്ക്ക് നടക്കും. അതിനുമുമ്പ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി തുടങ്ങാന്‍ മന്ത്രി നിര്‍ദേശിച്ചു.
ഇപ്പോള്‍ പദ്ധതിയുടെ ഗുണഭോക്താക്കളെ സി ഡി എസ്, ആശാവര്‍ക്കര്‍ എന്നിവരുടെ സഹകരണത്തോടെയാണ് കണ്ടെത്തിയത്. ഈ ലിസ്റ്റ് ജില്ലാ കലക്ടറും സന്നദ്ധ സംഘടനാപ്രവര്‍ത്തകരും ഉള്‍പ്പെടുന്ന കമ്മറ്റി വിശദമായി പഠിച്ച് ഔദ്യോഗികമായി അന്തിമമാക്കും.   അനര്‍ഹരെ പൂര്‍ണമായി ഒഴിവാക്കും. അന്തിമ ലിസ്റ്റിന്റെ പരിശോധന രണ്ടുദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കലക്ടര്‍  ടി വി അനുപമ യോഗത്തില്‍ പറഞ്ഞു.
ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സമിതി ഉപഭോക്താക്കളെ അന്തിമമായി കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കും.  ജില്ലാ കലക്ടര്‍ ചെയര്‍മാനും  ജില്ലാ സപ്ലൈ ഓഫിസര്‍ കണ്‍വീനറുമായിട്ടുള്ള കമ്മിറ്റിയില്‍ സന്നദ്ധസംഘടനാ പ്രതിനിധികളും ഉണ്ടാവും.  പാതിരപ്പള്ളി സ്‌നേഹ ജാലകത്തില്‍ ആണ് നഗരത്തിലേക്ക് ആവശ്യമായ ഭക്ഷണം തയ്യാറാക്കുക.  ഇതിനുള്ള ചെലവ്  ജില്ലാ കലക്ടര്‍ നിശ്ചയിച്ച് ഇവര്‍ക്ക് നല്‍കും.  പാകംചെയ്ത ഭക്ഷണം നഗരത്തിലെ 6 കേന്ദ്രങ്ങളിലായി എത്തിക്കും.  ടെമ്പിള്‍ ഓഫ് ഇംഗ്ലീഷ്, പുലയന്‍ വഴി,  സക്കറിയ ബസാര്‍, വാടയ്ക്കല്‍ അരയസമാജം, സിഡിഎസ് കൈചൂണ്ടിമുക്ക്, ത്രിവേണി വായനശാല തുടങ്ങിയ കേന്ദ്രങ്ങളിലാണ് ഭക്ഷണം എത്തിക്കുക.
ഇവിടെയെത്തിക്കുന്ന ഭക്ഷണം സന്നദ്ധസംഘടനകളുടെ സഹായത്തോടെ അഗതികളുടെ  വീടുകളില്‍ എത്തിച്ചു നല്‍കും.  പുരുഷന്മാരില്ലാത്ത പാവപ്പെട്ട വീടുകള്‍,  കിടപ്പു രോഗികള്‍ ഉള്ള വീടുകള്‍ എന്നിവര്‍ക്കാണ്  പ്രഥമഘട്ടത്തില്‍ പരിഗണന നല്‍കുക.  മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുന്ന  ചെക്ക് ലിസ്‌ററിന് അന്തിമരൂപം നല്‍കാനുള്ള  ചുമതല ജില്ലാ കലക്ടര്‍ക്ക് നല്‍കി. നിലവില്‍ ഏതെങ്കിലും വീടുകളില്‍ ഏതെങ്കിലും സന്നദ്ധ സംഘടനകള്‍ ഭക്ഷണം നല്‍കുന്നുണ്ടെങ്കില്‍  അവര്‍ തന്നെയാകും ഈ പദ്ധതിയിലും വീടുകളില്‍ ഭക്ഷണം വിതരണം ചെയ്യുക.

RELATED STORIES

Share it
Top