അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയില്‍ ജില്ലയിലെ സര്‍ക്കാര്‍ മഹിളാ മന്ദിരം

പത്തനംതിട്ട: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയില്‍ ജില്ലയിലെ സര്‍ക്കാര്‍ മഹിളാ മന്ദിരം. പലകാരണങ്ങളാല്‍ ജീവിതം വഴിമുട്ടിയ സ്ത്രീകള്‍ കോടതിയോ പോലീസോ മറ്റ് അധികാരികളോ മുഖേനയാണ് ജില്ലയിലെ ഏക സര്‍ക്കാര്‍ സ്ഥാപനമായ മഹിളാ മന്ദിരത്തിലെത്തുന്നത്. എന്നാല്‍ ഈ കുട്ടികളെയെല്ലാം താമസിപ്പിക്കാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടില്ല. 25 കുട്ടികളെ താമസിപ്പിക്കാന്‍ അനുമതി ഉള്ള മഹിളാ മന്ദിരത്തില്‍ നിലവില്‍ 35 അംഗങ്ങള്‍ ഉണ്ട്. മൂന്ന് ഡോര്‍മിറ്ററികളിലായാണ് അന്തേവാസികളെ താമസിപ്പിച്ചിരിക്കുന്നത്. മൂന്ന് ശുചിമുറിയും സമീപത്ത് ഉണ്ട്. പക്ഷെ പരിമിതിയില്‍ കൂടുതല്‍ പേരെ ഉള്‍ക്കൊള്ളേണ്ടി വരുമ്പോള്‍ ഈ അടിസ്ഥാന സൗകര്യങ്ങള്‍ മതിയാവില്ല. 18  മുതല്‍ 55 വയസുവരെ ഉള്ളവരെയാണ് മഹിളാ മന്ദിരത്തില്‍ പ്രവേശിപ്പിക്കുന്നതെങ്കിലും ഇവിടെ 13 വയസു മുതലുള്ള കുട്ടികള്‍ ഉണ്ട്. ജില്ലയില്‍ ചില്‍ഡ്രന്‍സ് ഹോം ഇല്ലാത്തതാണ് കാരണം. ഗേള്‍സ് ഹോം എങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഈ ബുദ്ധിമുട്ട് കുറച്ചെങ്കിലും ഒഴിവാക്കാമായിരുന്നു.  മുതിര്‍ന്നവരേയും കുട്ടികളേയും ഒരുമിച്ച് താമസിപ്പിച്ചാല്‍ അത് കുട്ടികളുടെ മനോഭാവത്തില്‍ മാറ്റം വരുത്തി സ്വഭാവ വൈകല്യം ഉണ്ടാവാനുള്ള സാധ്യത ഉണ്ടെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ചില കുട്ടികള്‍ക്ക് വീട്ടിലേക്ക് തിരിച്ചു പോകാന്‍ പറ്റാത്ത സാഹചര്യമാകും ഉണ്ടാകുക. ചിലര്‍ വിസമ്മതിക്കുകയും ചെയ്യും. മറ്റ് വഴിയില്ലാതെ വരുമ്പോള്‍ അവിടെ തന്നെ തുടരാന്‍ അധികൃതര്‍ സമ്മതിക്കും. കുട്ടികള്‍ക്ക് വിദ്യാഭ്യാസവും ആവശ്യമെങ്കില്‍ ട്യൂഷനും ലഭ്യമാക്കാറുണ്ട്. പ്രായമാകുമ്പോള്‍ വിവാഹം കഴിപ്പിച്ചയക്കുകയും ചെയ്യാറുണ്ട്. പക്ഷെ പഠിക്കുന്ന കുട്ടികള്‍ക്കെല്ലാം ഒരു പോലെ പഠന സ്ഥലം ക്രമീകരിക്കാന്‍ പ്രയാസമാണ്. ഇവിടെയെത്തുന്ന കുട്ടികള്‍ സമപ്രായക്കാരുമായി കൂട്ടുകൂടണം. വ്യത്യസ്ത സാഹചര്യത്തില്‍ ഇവിടെ എത്തിപ്പെടുന്ന സ്ത്രീകളുമായുള്ള സഹവാസം കുട്ടികളുടെ വ്യക്തിത്വത്തെ ബാധിക്കും. മുതിര്‍ന്ന സ്ത്രീകള്‍ കുട്ടികളോട് ജീവിത കഥകള്‍ പറയാന്‍ സാധ്യത ഉണ്ട്. ഇത് കുട്ടികളുടെ ചിന്തകളേയും സ്വാഭാവത്തേയും ബാധിക്കുമെന്നാണ് മനശാസ്ത്രജ്ഞര്‍ പറയുന്നത്. കോഴഞ്ചേരിയില്‍ നിന്ന് ഒരു കിലോ മീറ്റര്‍ മാറി കീഴുകരയിലാണ് മഹിളാ മന്ദിരം ഉള്ളത്.

RELATED STORIES

Share it
Top