അടിസ്ഥാന സൗകര്യങ്ങളില്ലാതെ കടപ്ര ഹോമിയോ ഡിസ്‌പെന്‍സറി അവഗണനയില്‍

തിരുവല്ല: അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ കടപ്ര ഗ്രാമപ്പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറി കടുത്ത അവഗണനിയില്‍. പുളിക്കീഴ് േബ്ലാക്ക് പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിന്റെ എതിര്‍ വശത്തായി പമ്പാ ഷുഗര്‍ ഫാക്ടറി വക കാലപ്പഴക്കം ചെന്ന കെട്ടിടത്തിലാണ് ഡിസ്‌പെന്‍സിയുടെ പ്രവര്‍ത്തനം.
ഡോക്ടര്‍, ഫാര്‍മസിസ്റ്റ് തുടങ്ങി നാല്‍പ്പതോളം ജീവനക്കാര്‍ ഇവിടെ സേവനത്തിനുണ്ടെങ്കിലും, രോഗികളെ പരിശോധിക്കാനുള്ള ഉപകരണങ്ങളുടെ അഭാവം ചികില്‍സക്ക് വിനയായിരുന്നു. രക്തം പരിശോധിക്കുന്നതിനു പോലും രോഗികള്‍ പുറത്തു പോയി സ്വകാര്യ ലാബുകളെ സമീപിക്കേണ്ട ഗതികേടിലാണ്.
നിലവില്‍ ഡിസ്‌പെന്‍സറിയിലുളള തകരാറിലായ പരിശോധനാ ഉപകരണങ്ങള്‍ മാറ്റി പുതിയ ഉപകരണങ്ങള്‍ നല്‍കണമെന്നാവശ്യം ഉന്നയിച്ച് ബന്ധപ്പെട്ട അധികാരികള്‍ക്ക് പല തവണ നിവേദനം നല്‍കിയിട്ടും യാതൊരു നടപടിയും നാളിതുവരെ ഉണ്ടായിട്ടില്ല. പഴക്കം ചെന്ന കെട്ടിടത്തിനു പകരം സ്വന്തമായി കെട്ടിടം നിര്‍മിച്ച് അതിലേക്ക് ഡിസ്‌പെന്‍സറി മാറ്റി പ്രവര്‍ത്തിക്കണമെന്ന ആവശ്യം നേരത്തേ തന്നെ ശക്തമായിട്ടും ഫലം കണ്ടിട്ടില്ല.
പരാധീനതകള്‍ നിലനില്‍ക്കുമ്പോഴും പഞ്ചായത്ത് പ്രദേശങ്ങളില്‍ പ്രതിരോധ മരുന്ന് വിതരണമുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നിര്‍വ്വഹിക്കുന്നുണ്ടെന്നാണ് ജീവനക്കാര്‍ പറയുന്നത്.
പുളിക്കീഴ് സബ്ബ് റജിസ്ട്രാര്‍ ഓഫിസിന് സമീപം പഞ്ചായത്ത് വക ഭൂമിയില്‍ ഹോമിയോ ഡിസ്‌പെന്‍സറി, പ്രാഥമിക ആരോഗ്യ കേന്ദ്രം സബ്ബ് സെന്റര്‍ എന്നിവയ്ക്കായി 40 ലക്ഷം രൂപാ മുടക്കി കെട്ടിടം നിര്‍മിക്കാനുള്ള പ്രാരംഭ നടപടികള്‍ക്ക് തുടക്കം കുറിച്ചതായും, ഇതിനായി ജില്ലാ പഞ്ചായത്തിന്റെ സഹായമായി 10 ലക്ഷം രൂപാ ലഭിച്ചിട്ടുണ്ടെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷിബു വര്‍ഗീസ് പറഞ്ഞു.

RELATED STORIES

Share it
Top