അടിയന്തര പ്രമേയത്തിന് അനുമതിയില്ല

കണ്ണൂര്‍: സംസ്ഥാനത്ത് പതിനായിരത്തിലധികം ജനസംഖ്യയുള്ള ഗ്രാമങ്ങളില്‍ മദ്യശാലകള്‍ അനുവദിക്കാന്‍ ദൂരപരിധി ബാധകമല്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ അടിയന്തര പ്രമേയം കൊണ്ടുവരാനുള്ള പ്രതിപക്ഷ നീക്കം കോര്‍പറേഷന്‍ യോഗത്തില്‍ ബഹളത്തിനിടയാക്കി. ലീഗ് പ്രതിനിധി കൗണ്‍സിലര്‍ എം ഷഫീക്കാണ് അടിയന്തിര പ്രമേയത്തിന് അനുമതി തേടിയത്.
വിനോദ സഞ്ചാര മേഖലക്ക് നിശ്ചിത ജനസഖ്യ ഇല്ലെങ്കിലും ഇളവ് നല്‍കി മദ്യശാലകള്‍ക്ക് ലൈസന്‍സ് അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നായിരുന്നു പ്രമേയം. എന്നാല്‍ സര്‍ക്കാര്‍ വിഷയത്തില്‍ അന്തിമ തീരുമാനം എടുത്തില്ലെന്നും അതിനാല്‍ പ്രമേയത്തിന്റെ വിഷയം പോലും പറയാതെ തള്ളുകയാണെന്നും മേയര്‍ ഇ പി ലത അറിയിച്ചു. ഇതോടെയാണ് ഇരുവിഭാഗവും തമ്മില്‍ വാഗ്വാദമുണ്ടായത്.
ഒടുവില്‍ പ്രമേയത്തിന് അനുമതി ലഭിക്കാത്തതിനാല്‍ അവതരിപ്പിക്കാനായില്ല. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട എസ്റ്റിമേറ്റ് ഇന്നു നടക്കുന്ന ബജറ്റിന് മുമ്പ് സമര്‍പ്പിക്കണമെന്നതു സംബന്ധിച്ചും അല്‍പനേരം വാഗ്വാദമുണ്ടായി. ചില കൗണ്‍സിലര്‍മാര്‍ എസ്റ്റിമേറ്റ് സംബന്ധിച്ച് വിവരങ്ങള്‍ നേരത്തേ അറിഞ്ഞെന്നും നമുക്കൊക്കെ ഇന്നലെ രാവിലെയാണ് ഓഫിസില്‍ നിന്നു അറിയിപ്പ് വന്നതെന്നും സി സമീര്‍ പറഞ്ഞു.
എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗത്തിലെടുത്ത തീരുമാനമാണെന്നും ലീഗ് പ്രതിനിധി അറിയിക്കാത്തതിനാലാണു വൈകിയതെന്നും ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ് പറഞ്ഞു. കോര്‍പറേഷനിലെ 60 ശതമാനം പ്രവൃത്തികളുടെയും എസ്റ്റിമേറ്റ് പൂര്‍ത്തിയാക്കിയതായി എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ അറിയിച്ചു. ബാക്കിയുള്ളവ യോഗശേഷം അടിയന്തിരമായി ചെയ്യാമെന്നും ഉറപ്പുനല്‍കി. ഒരു ഡിവിഷനില്‍ നാലു റോഡുകളുടെ എസ്റ്റിമേറ്റ് നല്‍കേണ്ടതു സംബന്ധിച്ച അവ്യക്തതയെ സി എറമുള്ളാന്‍ ചോദ്യംചെയ്തു. യോഗത്തില്‍ വിവിധ സോണുകളിലായി 71 വിധവാ പെന്‍ഷനുകളും വിധവകളുടെ പെണ്‍മക്കളുടെ വിവാഹ ധനസഹായത്തിനു 39 അപേക്ഷകള്‍ക്കും അംഗീകാരം നല്‍കി.
160 വാര്‍ധക്യകാല പെന്‍ഷനുകളും എട്ട് വിഗലാംഗ പെന്‍ഷന്‍ അപേക്ഷയും ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള ആറ് പെന്‍ഷന്‍ അപേക്ഷയും യോഗം അംഗീകരിച്ചു. എന്നാല്‍, കൂട്ടത്തോടെ അംഗീകരിക്കുമ്പോള്‍ മാസങ്ങളോളമായി ചിലര്‍ക്ക് പെന്‍ഷന്‍ കിട്ടുന്നില്ലെന്നും വിമര്‍ശനമുയര്‍ന്നു. മേയര്‍ ഇ പി ലത അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷന്‍മാരായ വെള്ളോറ രാജന്‍, ടി ഒ മോഹനന്‍, അഡ്വ. പി ഇന്ദിര, ഷാഹിനാ മൊയ്തീന്‍, കൗണ്‍സിലര്‍മാരായ കെ പി എ സലീം, തൈക്കണ്ടി മുരളീധരന്‍, സുമാ ബാലകൃഷ്ണന്‍, എന്‍ ബാലൃഷ്ണന്‍, കെ പ്രകാശന്‍, ടി രവീന്ദ്രന്‍ സംസാരിച്ചു.

RELATED STORIES

Share it
Top