അടിയന്തര പ്രമേയം അനുവദിച്ചില്ല; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന പോലിസ് അതിക്രമങ്ങള്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.
മലപ്പുറത്ത് മുതിര്‍ന്ന പൗരന്റെ മൂക്ക് ഇടിച്ചു തകര്‍ത്ത സംഭവം, കോട്ടയം ഈരാറ്റുപേട്ടയില്‍ വാഹന പരിശോധനയ്ക്കിടെ എസ്‌ഐ നടത്തിയ അസഭ്യവര്‍ഷം തുടങ്ങി പോലിസിന്റെ അതിക്രമം സൂചിപ്പിക്കുന്ന ആറ് കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും പോലിസിന്റെ മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പോലിസിനെ കയറൂരി വിട്ടിരിക്കുകയാണ്. പോലിസ് തോന്നിയ രീതിയില്‍ കിരാതമായി പ്രവര്‍ത്തിക്കുന്നു. പോലിസ് ജനങ്ങളെ പീഡിപ്പിക്കുന്നു. പോലിസുകാരെ നല്ലപാഠം പഠിപ്പിക്കാന് ഡിജിപി ട്യൂഷന്‍ എടുക്കേണ്ട അവസ്ഥയിലാണ്. ജനമൈത്രി പോലിസ് ജനദ്രോഹ പോലിസ് ആയി മാറിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമില്ലെന്നു തിരുവഞ്ചൂര്‍ പറഞ്ഞു. അവര്‍ നിയമം കൈയിലെടുക്കുകയും ജനങ്ങളോടു മോശം പദപ്രയോഗങ്ങള്‍ നടത്തുകയും ചെയ്യുന്നു. ഇത്തരം സഭവങ്ങളില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുന്നില്ല. പോലിസ് കാണിക്കുന്ന അനീതിക്ക് സര്‍ക്കാരാണ് ഉത്തരവാദി. തെറി പോലിസിന്റെ ഔദ്യോഗിക ഭാഷയാണെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു. സംസ്ഥാനത്ത് ചക്കയെ ഔേദ്യാഗിക ഫലമായി പ്രഖ്യാപിച്ച പോലെ തെറി ഔദേ്യാഗിക ഭാഷയായി പ്രഖ്യാപിച്ചു കൂടെയെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്തെ ക്രമസമാധാനനില ഭദ്രമാണെന്ന് മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ അടിയന്തര പ്രമേയത്തിനു മറുപടി പറഞ്ഞ മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കി.
പോലിസിന്റെ ഭാഗത്തുനിന്നുണ്ടാവുന്ന തെറ്റുകള്‍ക്ക് മാതൃകാപരമായ നപടിയുണ്ടാവും. അതിക്രമം നടത്തുന്നവരെ സേനയില്‍ തുടരാന്‍ അനുവദിക്കില്ല. ആലപ്പുഴയിലും മലപ്പുറത്തുമുണ്ടായ സംഭവങ്ങളില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിച്ചതായും മന്ത്രി അറിയിച്ചു. പോലിസ് ഉള്‍പ്പെട്ട ഒറ്റപ്പെട്ട അക്രമസംഭവങ്ങളില്‍ ശക്തമായ നടപടിയുണ്ടാവും. പരാതിക്കാര്‍ക്ക് പോലിസ് കംപ്ലയിന്റ് അതോറിറ്റിയില്‍ കേസ് നടപടികളുമായി മുന്നോട്ടുപോവാം.
കേരളത്തിലെ പോലിസ് മാതൃകാപരമാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. പല അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട അക്രമങ്ങള്‍ക്കെതിരേ വകുപ്പുതലത്തിലും നിയമപരമായും നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന്, മന്ത്രിയുടെ മറുപടിയില്‍ തൃപ്തരാവാത്ത പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. പ്രമേയാവതരണത്തിനിടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യമന്ത്രി ബാലപീഡ നടത്തുകയാണെന്ന പരാമര്‍ശത്തിനെതിരേ ഭരണപക്ഷം രംഗത്തുവന്നു. തുടര്‍ന്ന് പദപ്രയോഗം പിന്‍വലിക്കുന്നതായി തിരുവഞ്ചൂര്‍ പറഞ്ഞു.

RELATED STORIES

Share it
Top