അടിയന്തരാവസ്ഥയ്‌ക്കെതിരേ സിപിഎം ശക്തമായി നിലകൊണ്ടില്ല; ആര്‍എസ്എസ് പ്രചാരണം ശക്തമാക്കുന്നു

കോഴിക്കോട്: അടിയന്തരാവസ്ഥക്കാലത്തെ കൂടുതല്‍ ഇരകള്‍ ആര്‍എസ്എസുകാരാണെന്ന് പ്രചരിപ്പിച്ച് സിപിഎമ്മിനെതിരേ വ്യാപക പ്രചാരണത്തിനു സംഘപരിവാരം നീക്കം തുടങ്ങി.
കോഴിക്കോട് ടാഗൂര്‍ സെന്റിനറി ഹാളില്‍ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ 43ാം വാര്‍ഷികത്തിന്റെ ഭാഗമായി ചര്‍ച്ചയും സിനിമാ പ്രദര്‍ശനവും സംഘടിപ്പിച്ചായിരുന്നു തുടക്കം. അടിയന്തരാവസ്ഥാ പ്രചാരണ സമിതിയുടെ ബാനറില്‍ യഥാര്‍ഥ സംഘാടകരെ പുറത്തറിയിക്കാതെ സംഘടിപ്പിച്ച പരിപാടിയില്‍ ആര്‍എസ്എസുകാര്‍ പങ്കെടുത്തു.
പി എസ് ശ്രീധരന്‍പിള്ള ഉദ്ഘാടകനായ കണ്‍വന്‍ഷനില്‍ പി ഗോപാലന്‍കുട്ടി, എം രാജശേഖര പണിക്കര്‍, ബിജെപി ജില്ലാ പ്രസിഡന്റ് ജയചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സ്റ്റേജില്‍ അണിനിരന്നു. അടിയന്തരാവസ്ഥയില്‍ ഇന്ദിരാഗാന്ധി പത്രമാരണ നിയമം നടപ്പാക്കിയപ്പോള്‍ സംഘനിയന്ത്രണത്തിലുള്ള കുരുക്ഷേത്രയായിരുന്നു എതിര്‍ത്തു രംഗത്തുണ്ടായിരുന്നതെന്നും ലോക് സംഘര്‍ഷ് സമിതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ താന്‍ ഉള്‍െപ്പടെയുള്ളവരുടെ നേതൃത്വത്തില്‍ പരസ്യമായി സമരത്തിനിറങ്ങിയിരുന്നുവെന്നും സെമിനാറില്‍ എം രാജശേഖര പണിക്കര്‍ വ്യക്തമാക്കി.
വിവിധ സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥയിലെ ഇരകള്‍ക്ക് വിവിധ സര്‍ക്കാരുകള്‍ പതിനായിരം രൂപയിലധികം പെന്‍ഷന്‍ നല്‍കുമ്പോള്‍ കേരളത്തില്‍ ഇതില്‍ പങ്കാളികളായ സംഘപരിവാര പ്രവര്‍ത്തകര്‍ ഉള്‍െപ്പടെയുള്ളവരെ അവഗണിക്കുകയാണെന്ന് സംഘനേതാക്കള്‍ പറഞ്ഞു.  യദു വിജയകൃഷ്ണന്‍ സംവിധാനം ചെയ്ത 'നരകയാതനയുടെ 21 മാസങ്ങള്‍' എന്ന സിനിമ, സംഘപരിവാരം മാത്രമാണ് അടിയന്തരാവസ്ഥക്കെതിരേ പ്രചാരണം നടത്തിയതെന്ന് വിശദീകരിക്കുന്നു. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍െപ്പടെയുള്ളവര്‍ക്ക് അടിയന്തരാവസ്ഥക്കാലത്ത് കൊടിയ പീഡനം നേരിട്ടുവെങ്കിലും ജയിലിലെത്തിയപ്പോള്‍ പരാതിയില്ലെന്നു പറഞ്ഞായിരുന്നു ധൈര്യം പ്രകടിപ്പിച്ചിരുന്നതെന്ന് അഡ്വ. പി എസ് ശ്രീധരന്‍പിള്ള പരിഹസിച്ചു.
ദേശീയതലത്തില്‍ അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സിനെതിരായ നീക്കത്തിന്റെ ഭാഗമാണ് സംസ്ഥാനത്ത് സിപിഎമ്മിനെയും ഉള്‍ പ്പെടുത്തി പ്രചാരണത്തിനുള്ള ആര്‍എസ്എസ് തീരുമാനം.

RELATED STORIES

Share it
Top