അടിമാലി സ്റ്റാന്റില്‍ കത്തിക്കുത്ത്; രണ്ടുപേര്‍ക്കു പരിക്ക്

അടിമാലി: അടിമാലി പ്രൈവറ്റ് ബസ്റ്റാന്റില്‍ സ്വകാര്യ ബസ്ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി. കത്തിക്കുത്തില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റു. ആക്രമണത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് സംഭവം. അടിമാലി-പൂപ്പാറ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളിലെ ജീവനക്കാരാണ് ബസ്റ്റാന്റില്‍ ഏറ്റുമുട്ടിയത്. സമയത്തെച്ചൊല്ലിയുളള തര്‍ക്കമാണ് ആക്രമണകാരണം. യാത്രക്കാരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി ഒരുമണിക്കൂറോളം ബസ് തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. കത്തികളും കല്ലും കമ്പിയും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ബസ്ജീവനക്കാരയ ബോബന്‍, എല്‍ദോസ് എന്നിവര്‍ക്കാണ് കത്തികുത്തേറ്റത്. ഇവരെ അശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പലര്‍ക്കും പരിക്കേറ്റിട്ടുണ്ടെങ്കിലും ആരും അടിമാലിയിലെ ആശുപത്രികളില്‍ എത്തിയിട്ടില്ല. പൂപ്പാറ റൂട്ടിലെ സമയത്തെ ചൊല്ലി സര്‍വീസ് നടത്തുന്ന ബസുടമകള്‍ തമ്മില്‍ ആഴ്ചകളായി തര്‍ക്കത്തിലായിരുന്നു.ഞായറാഴ്ച വൈകീട്ട് 3 ന് ഇത് സംബന്ധിച്ച് ഇരുവിഭാഗം ബസിലേയും ജീവനക്കാര്‍ തമ്മില്‍ ഉണ്ടായ വാക്കേറ്റം ചെറിയ സംഘട്ടനത്തില്‍ കലാശിച്ചിരുന്നു.ഇതിന് ശേഷം സംഘടിതമായി എത്തിയവര്‍ എതിര്‍ വിഭാഗത്തിനെ ആക്രമിക്കാന്‍ ശ്രമിച്ചു. ഇതേതുടര്‍ന്നാണ് വീണ്ടും സംഘട്ടനവും കത്തികുത്തും നടന്നത്.20 ഓളം പേര്‍ ചേരി തിരിഞ്ഞ് സംഘര്‍ഷം നടക്കുബോള്‍ സ്ത്രികളും കുട്ടികളും അടക്കം നിരവധി യാത്രക്കാര്‍ ബസ്റ്റാന്റിലുണ്ടായിരുന്നു. ആക്രമണം കണ്ട് ഇവര്‍ നിലവിളിച്ചുകൊണ്ട് ഭയന്നോടി. സംഭവം നടക്കുബോള്‍ നിരവധിപ്പേര്‍ സ്റ്റേഷനിലേക്ക് വിളിച്ചിരുന്നു.എന്നാല്‍ സംഘര്‍ഷാവസ്ഥ കഴിഞ്ഞ് ഏറെ സമയത്തിന് ശേഷമാണ് പോലിസ് എത്തിയത്. സംഭവം സംബന്ധിച്ച് അടിമാലി പോലിസ് അന്വേഷണം ആരംഭിച്ചു.

RELATED STORIES

Share it
Top