അടിമാലിയിലെ ട്രക്കിങ് ജീപ്പ് അപകടം: കൂട്ടുകാര്‍ക്ക് നാടിന്റെ യാത്രാമൊഴി

അടിമാലി: വാഹനാപകടത്തില്‍ മരിച്ച പ്രിയപ്പെട്ടവര്‍ക്ക് നാട് യാത്രാമൊഴിയേകി. ആനച്ചാല്‍ മാതിരപ്പിള്ളില്‍ അരുണ്‍, അനന്ദഭവനില്‍ അരുണ്‍ എന്നിവര്‍ക്കാണ് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലിയേകിയത്. ബുധനാഴ്ച രാത്രി ഒന്‍പതരയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
അടിമാലി ടൗണിനുസമീപം അപ്‌സര ജങ്ഷനില്‍ വാഹനം പിന്നോട്ടെടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് നൂറ് അടിയിലധികം താഴ്ചയിലേക്ക് ജീപ്പ് മറിഞ്ഞ് ഇരുവരും മരിച്ചത്. ചെറുപ്പം മുതലേ കളികൂട്ടുകാരായിരുന്നു ഇരുവരും. മരണത്തിലും വേര്‍പിരിയാതെ നാടിന്റെ നൊമ്പരമായി. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സുഹൃത്തിന്റെ ഭാര്യയേയും കാണുന്നതിനായാണ് രണ്ടുപേരും മറ്റു കൂട്ടുകാരോടൊത്ത് അടിമാലിയില്‍ എത്തിയത്.
എം ആര്‍ അരുണിന്റെ ജന്മദിനം കൂടിയായിരുന്നു ബുധനാഴ്ച. അരുണ്‍ ആനന്ദ് എന്‍ജിഒ യൂണിയന്‍ ദേവികുളം ഏരിയാ കമ്മിറ്റിയംഗമാണ്.പോസ്റ്റുമോര്‍ട്ടത്തിനുശേഷം ആനച്ചാലില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവച്ചു. സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ ആശുപത്രിയിലും വീട്ടിലും അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

RELATED STORIES

Share it
Top