അടിപ്പാത നിര്‍മാണത്തിന് അഞ്ച് വര്‍ഷം കാലതാമസം; എംഎല്‍എ മാപ്പു പറയണമെന്ന്

ചാലക്കുടി: നഗരസഭ ജംഗ്ഷനിലെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി 2013ല്‍ അനുമതി ലഭിച്ച അടിപ്പാത നിര്‍മ്മാണത്തിന് അഞ്ച് വര്‍ഷം കാലതാമസം വരുത്തിയ ബി ഡി ദേവസ്സി എംഎല്‍എ അടക്കമുള്ളവര്‍ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് മുന്‍ ചാലക്കുടി എംപി കെ പി. ധനപാലന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
2013ല്‍ കോടതി ജംഗ്ഷനില്‍ അടിപ്പാത നിര്‍മ്മാണത്തിന് അനുമതി ലഭിച്ചു. തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഫണ്ടും അനുവദിച്ചു. 14.78കോടിയുടെ എസ്റ്റിമേറ്റും പ്ലാനും അംഗീകരിച്ച് കരാര്‍ സ്ഥാപനത്തെ നിര്‍മ്മാണ ചുമതല ഏല്‍പിച്ച് രണ്ട് കോടി രൂപ അഡ്വാന്‍സും നല്‍കി. ഇതിന്റെ ഭാഗമായി 2014ല്‍ അന്നത്തെ മന്ത്രിയായിരുന്ന കെ. ബാബു നിര്‍മ്മാണോത്ഘാടനവും നിര്‍വ്വഹിച്ചു.
എന്നാല്‍ എംഎല്‍എയും സിപിഎമ്മും ചേര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തികള്‍ തടസ്സപ്പെടുത്തുകയായിരുന്നു. എംഎല്‍എരേഖമൂലം ഏതിര്‍പ്പ് നല്‍കിയതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാനാകിലെന്ന് കരാര്‍ കമ്പനി അറിയിച്ചതായും എംഎല്‍എയുടെ പരാതിയുടെ പകര്‍പ്പ് തങ്ങള്‍ക്ക് ലഭിച്ചതായും മുന്‍ എംപി പറഞ്ഞു. 2013ല്‍ അനുമതി ലഭിച്ച അതേ പ്ലാന്‍ തന്നായണ് ഇപ്പോള്‍ നടപ്പിലാക്കുന്നതെന്നും എംഎല്‍എയുടെ പിടിവാശിമൂലം 15കോടി രൂപ ചിലവില്‍ തീരേണ്ടതായിരുന്ന 23മീറ്റര്‍ വീതിയിലും അഞ്ചര മീറ്റര്‍ ഉയരത്തിലുമുള്ള അടിപ്പാതയുടെ നിര്‍മ്മാണ ചിലവ് ഇപ്പോള്‍ 21കോടിയായി വര്‍ദ്ധിച്ചിരിക്കയാണെന്നും മുന്‍ എംപി കുറ്റപ്പെടുത്തി. വാര്‍ത്താസമ്മേളനത്തില്‍ മുന്‍ എംഎല്‍എ ടി യു രാധാകൃഷ്ണന്‍, നഗരസഭ പ്രതിപക്ഷ നേതാവ് വി ഒ പൈലപ്പന്‍, നേതാക്കളായ എബി ജോര്‍ജ്ജ്, അഡ്വ.സി ജി ബാലചന്ദ്രന്‍ എന്നിവരും സംബന്ധിച്ചു.

RELATED STORIES

Share it
Top