അടിപതറി കോണ്‍ഗ്രസ്സിന്റെ ശക്തനായ മുഖ്യമന്ത്രി

ബംഗളൂരു: കര്‍ണാടക പോരാട്ടത്തില്‍ അടിപതറി മുഖ്യമന്ത്രി സിദ്ധരാമയ്യ. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് നേതൃത്വം നല്‍കിയ സിദ്ധരാമയ്യ മല്‍സരിച്ച രണ്ടു മണ്ഡലങ്ങളില്‍ ഒരിടത്തു പരാജയപ്പെട്ടു. ചാമുണ്ഡേശ്വരിയില്‍ ജെഡിഎസിന്റെ ജി ടി ദേവഗൗഡയോടാണു സിദ്ധരാമയ്യ പരാജയപ്പെട്ടത്. രണ്ടാമത്തെ മണ്ഡലമായ ബദാമിയില്‍ സിദ്ധരാമയ്യക്കു നേടാന്‍ സാധിച്ചത് നിറംകെട്ട വിജയം മാത്രം. ചാമുണ്ഡേശ്വരിയില്‍ ബിജെപിക്ക് ആകെ കിട്ടിയത് 2159 വോട്ട് മാത്രമാണ്. ബിജെപി വോട്ടുകള്‍ കൂട്ടമായി ജെഡിഎസിനു പോയതാണു സിദ്ധരാമയ്യയുടെ പരാജയത്തിനു കാരണമായത്. ചാമുണ്ഡേശ്വരിയില്‍ ബിജെപി-ജെഡിഎസ് ഒത്തുകളിക്കുള്ള സാധ്യത സിദ്ധരാമയ്യ നേരത്തെ തന്നെ പ്രവചിച്ചിരുന്നു.
ബദാമിയില്‍ നേരിയ ഭൂരിപക്ഷമാണ് സിദ്ധരാമയ്യക്കുള്ളത്. ഖനിവ്യവസായികളായ റെഡ്ഡി സഹോദരങ്ങളുമായി അടുത്ത ബന്ധമുള്ള ബിജെപി സ്ഥാനാര്‍ഥി ശ്രീരാമലു ആയിരുന്നു ബദാമിയിലെ അദ്ദേഹത്തിന്റെ മുഖ്യ എതിരാളി.
കര്‍ണാടകയില്‍ അഞ്ചുവര്‍ഷ ഭരണ കാലാവധി തികച്ച രണ്ടാമത്തെ മുഖ്യമന്ത്രിയാണു സിദ്ധരാമയ്യ. 1972-77 കാലത്തെ മുഖ്യമന്ത്രി ദേവരാജ് ഉര്‍സാണ് കാലാവധി തികച്ച ആദ്യ കര്‍ണാടക മുഖ്യമന്ത്രി.
ജനതാ പരിവാറിലൂടെയായിരുന്നു രാഷ്ട്രീയരംഗത്ത് സിദ്ധരാമയ്യയുടെ തുടക്കം. 1948 ആഗസ്ത് 12ന് മൈസൂരുവിലെ സിദ്ധരാമാനഹുഡിയില്‍ ജനനം. മൈസൂരു സര്‍വകലാശാലയില്‍ നിന്നു ശാസ്ത്രത്തിലും നിയമത്തിലും ബിരുദം നേടി. കുറബ സമുദായക്കാരനായ അദ്ദേഹം സോഷ്യലിസ്റ്റ് ആശയങ്ങളുടെ സ്വാധീനത്താല്‍ രാഷ്ട്രീയത്തില്‍ സജീവമായി.
അഭിഭാഷകനായി പ്രവര്‍ത്തിക്കുന്നതിനിടെയായിരുന്നു രാഷ്ട്രീയ പ്രവേശനം. 1983ല്‍ ആദ്യമായി തിരഞ്ഞെടുപ്പു പോരാട്ടത്തില്‍. ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ നിന്ന് ലോക്ദള്‍ ടിക്കറ്റില്‍ വിജയിച്ചു. പിന്നീട് ജനതാ പാര്‍ട്ടിയില്‍ അംഗമായി. 1998ല്‍ ജനതാ പരിവാര്‍ ലയനത്തോടെ ജനതാദളിലെത്തി. 99ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ എച്ച്ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദള്‍ സെകുലറില്‍. 2006ല്‍ ജെഡിഎസില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കി. മകന്‍ എച്ച്ഡി കുമാരസ്വാമിയെ പാര്‍ട്ടി തലപ്പത്തെത്തിക്കാനുള്ള ദേവഗൗഡയുടെ ഭാഗമായാണു സിദ്ധരാമയ്യയെ പുറത്താക്കിയതെന്നു രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. 2006ല്‍ അണികള്‍ക്കൊപ്പം സിദ്ധരാമയ്യ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. 2007ല്‍ ചാമുണ്ഡേശ്വരി ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മല്‍സരിച്ചു വിജയിച്ചു.

RELATED STORIES

Share it
Top