അടച്ചിട്ട വീട്ടില്‍നിന്ന് 25 പവന്‍ സ്വര്‍ണവും 10,000 രൂപയും മോഷ്ടിച്ചു

നിലമ്പൂര്‍: നിലമ്പൂര്‍ കോവിലകത്തുമുറിയില്‍ അടച്ചിട്ട വീട്ടില്‍ മോഷണം. കോവിലകത്തുമുറി തെക്കേതില്‍ ആശയുടെ വീട്ടിലാണ് മോഷണം നടന്നത്. 25 പവനോളം സ്വര്‍ണവും പതിനായിരം രൂപയും മോഷണം പോയതായാണ് പ്രാഥമിക വിവരം. ആശയും മരുമകള്‍ ഡോ.അനിമയുമാണ് ഈ വീട്ടില്‍ താമസം. ആശയുടെ മകന്‍ അജയ് ജയരാജ് കപ്പലിലെ ജീവനക്കാരനാണ്. ആശയുടെ ഭര്‍ത്താവ് ജയരാജ് നേരത്തെ മരിച്ചതാണ്. ആശയും മരുമകള്‍ ഡോ.അനിമയും തൃശൂര്‍ പൂരം പ്രമാണിച്ച് തൃശ്ശൂരിലെ പുതിയ വീട്ടിലേക്ക് പോയതായിരുന്നു. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ നിലമ്പൂരിലെ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ മുന്‍ വാതില്‍ പൂട്ടുപൊളിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നിലമ്പൂര്‍ പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. ബാങ്ക് പാസ്ബുക്ക്, ചെക്ക് ബുക്ക്, ഫിക്‌സ്ഡ് ഡെപ്പോസിറ്റിന്റെ റസീപ്റ്റുകള്‍ എന്നിവയും മോഷണം പോയതായാണ് വിവരം.
മോഷ്ടാക്കള്‍ വീടിനകത്തുകയറി ഭക്ഷണം പാകം ചെയ്ത് കഴിച്ചതിന്റെയും മദ്യപിച്ചതിന്റേയും അടയാളങ്ങള്‍ കാണുന്നുണ്ട്. നിലമ്പൂര്‍ സിഐ കെ എം ബിജു, എസ്‌ഐ ബിനു തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. മലപ്പുറത്തുനിന്ന് പോലിസ് നായയെത്തി വീടും പരിസരങ്ങളും പരിശോധിച്ചു. നായ മൂന്നുതവണ വീട്ടില്‍നിന്ന് കോവിലകം റോഡിലെ മറ്റൊരു വീട്ടിലേക്ക് ഓടിക്കയറി. ജോലിക്കാരെല്ലാം താമസിക്കുന്ന വീടാണിത്. ഇവിടെ താമസിക്കുന്നവരോട് പോലിസ് സ്‌റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥലത്ത് വ്യാഴാഴ്ച രാത്രി രണ്ടോടെ മഴ പെയ്തതായി പറയുന്നു. ഒന്നരയോടെ സമീപത്തെ നിലമ്പൂര്‍ ജില്ലാ ആശുപത്രി പരിസരത്ത് അപരിചിതരായ രണ്ടുപേര്‍ വന്ന് പോയതായി പ്രദേശവാസികള്‍ പറഞ്ഞു. മോഷണം നടന്ന വീട്ടില്‍ തലേദിവസം രാത്രി വെളിച്ചം കണ്ടതായി അയല്‍വീട്ടുകാര്‍ പറഞ്ഞു. പോലിസ് അന്വേഷണം ഊര്‍ജിതമാക്കി.

RELATED STORIES

Share it
Top