അഞ്ഞൂറാന്‍...ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കരിയറില്‍ 500 ഗോളുകള്‍ തികച്ചു

Ronaldo 12

സ്‌റ്റോക്ക്‌ഹോം/ ലണ്ടന്‍: പോര്‍ച്ചുഗീസ് സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ കരിയറിലെ 500ാം ഗോള്‍ തികച്ച യുവേഫ ചാംപ്യന്‍സ് ലീഗ് മല്‍സരത്തില്‍ മുന്‍ ജേതാക്കളായ റയല്‍ മാഡ്രിഡിന് ജയം. ഗ്രൂപ്പ് എയില്‍ സ്വീഡനില്‍ നിന്നുള്ള മാല്‍മോയെ 2-0നാണ് റയല്‍ തോല്‍പ്പിച്ചത്. രണ്ടു ഗോളുകളും ക്രിസ്റ്റിയുടെ വകയായിരുന്നു. ഇതേ ഗ്രൂപ്പില്‍ പി.എസ്.ജി 3-0ന് ഷക്തര്‍ ഡൊണെസ്‌കിനെ തകര്‍ത്തു. ഗ്രൂപ്പ് ബിയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 2-1ന് വോള്‍ഫ്‌സ്ബര്‍ഗിനെയും സി.എസ്. കെ.എ മോസ്‌കോ 3-2ന് പി.എസ്.വി ഐന്തോവനെയും ഗ്രൂപ്പ് സിയില്‍ ബെന്‍ഫിക്ക 2-1ന് അത്‌ലറ്റികോ മാഡ്രിഡിനെയും പരാജയപ്പെടുത്തി. ഗലാത്‌സരെയെ എഫ്.സി അസ്താന 2-2നു കുരുക്കി.ഗ്രൂപ്പ് ഡിയില്‍ യുവന്റസ് 2-0ന് സെവിയ്യയെയും മാഞ്ചസ്റ്റര്‍ സിറ്റി 2-1ന് ബൊറൂസ്യ മോകെന്‍ഗ്ലാഡ്ബാക്കിനെയും കീഴടക്കി.തുടര്‍ച്ചയായ രണ്ടാം ജയമാണ് റയല്‍ കഴിഞ്ഞ ദിവസം നേടിയത്. 29, 90 മിനിറ്റുകളിലാണ് ക്രിസ്റ്റി ടീമിനായി നിറയൊഴിച്ചത്. 500 ഗോളുകളെന്ന നേട്ടത്തോടൊപ്പം റയലിനായി ഏറ്റവുമധികം ഗോളുകള്‍ നേടിയ റൗള്‍ ഗോ ണ്‍സാലസിന്റെ (323 ഗോള്‍) റെക്കോഡിനൊപ്പമെത്താ നും അദ്ദേഹത്തിനു കഴിഞ്ഞു. ഷക്തറിനെതിരേ സെര്‍ ജി ഓറിയര്‍ (ഏഴാം മിനിറ്റ്), ഡേവിഡ് ലൂയിസ് (23) എന്നിവരുടെ ഗോളുകള്‍ക്കൊപ്പം ദാരിയോ സര്‍നയുടെ സെല്‍ഫ് ഗോളും പി.എസ്.ജിയുടെ ജയത്തിന് ആധികാരികത നല്‍കി. പി.എസ്.ജിയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.

ഗ്രൂപ്പ് ബിയില്‍ വോള്‍ഫ്‌സ്ബര്‍ഗിനെതിരേ ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമാണ് മാഞ്ചസ്റ്റര്‍ ജയം കൊയ്തത്. നാലാം മിനിറ്റില്‍ത്തന്നെ ഡാനിയേല്‍ കാലിഗ്യുരിയുടെ ഗോളില്‍ പിറകിലായ മാഞ്ചസ്റ്ററിനെ 34ാം മിനിറ്റില്‍ യുവാന്‍ മാറ്റ ഒപ്പമെത്തിച്ചു. 53ാം മിനിറ്റില്‍ ക്രിസ് സ്‌മോളിങാണ് മാഞ്ചസ്റ്ററിന്റെ വിജയഗോള്‍ നേടിയത്. ആദ്യ മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ തോറ്റിരുന്നു. അല്‍വാറോ മൊറാറ്റയും സൈമണ്‍ സാസയും നേടിയ ഗോളുകളാണ് സെവിയ്യക്കെതിരേ യുവന്റസിനു ജയം സമ്മാനിച്ചത്.

RELATED STORIES

Share it
Top