അഞ്ച് തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരംകണ്ണൂര്‍: ചെങ്ങളായി, ധര്‍മടം, പെരളശ്ശേരി, ചെമ്പിലോട് ഗ്രാമപ്പഞ്ചായത്തുകളുടെയും തലശ്ശേരി നഗരസഭയുടെയും വാര്‍ഷിക പദ്ധതികള്‍ ആസൂത്രണസമിതി യോഗം അംഗീകരിച്ചു. 83 സ്പില്‍ ഓവര്‍ പദ്ധതികളും 121 പുതിയ പ്രൊജക്റ്റുകളും ഉള്‍പ്പെടെ 204 പദ്ധതികളാണ് ചെങ്ങളായി പഞ്ചായത്ത് അംഗീകാരത്തിനായി സമര്‍പ്പിച്ചത്. ധര്‍മടം 147 പദ്ധതികളും പെരളശ്ശേരി 137 പദ്ധതികളും ചെമ്പിലോട് 102 പദ്ധതികളും ആസൂത്രണസമിതിക്ക് സമര്‍പ്പിച്ചിരുന്നു. 7 സ്പില്‍ ഓവര്‍ പദ്ധതികള്‍ ഉള്‍പ്പെടെ തലശ്ശേരി നഗരസഭയുടെ 75 പദ്ധതികളാണ് അംഗീകരിച്ചത്. മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളും വാര്‍ഷിക പദ്ധതിയുടെ ഡാറ്റാ എന്‍ട്രി മെയ് 31 നകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അറിയിച്ചു. സ്പില്‍ ഓവര്‍ ആകാതെ പദ്ധതികള്‍ അതാത് വര്‍ഷം തന്നെ പൂര്‍ത്തീകരിക്കണം. ജില്ലാ ഭരണകൂടത്തിന്റെ തീരുമാനങ്ങള്‍  സത്യസന്ധമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ശ്രമിക്കണം. പ്ലാസ്റ്റിക് കാരിബാഗ്മുക്ത ജില്ലയായി പ്രഖ്യാപിച്ചിട്ടും ചില ഭാഗങ്ങളില്‍ വേണ്ടത്ര ജാഗ്രത ഉണ്ടാവുന്നില്ല. മഴക്കുഴി നിര്‍മാണത്തിലും പഞ്ചായത്തുകള്‍ മുന്‍കൈയടുക്കണം. കുന്നോത്തുപറമ്പ്, ധര്‍മടം പഞ്ചായത്തുകള്‍ മഴക്കുഴി നിര്‍മാണം വിജയകരമായി നടപ്പാക്കി. ജൂലൈ 15 വരെ മഴക്കുഴി കാംപയിനുമായി മുന്നോട്ടുപോവണമെന്നും പ്രസിഡന്റ് പറഞ്ഞു. അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ കണ്ടെത്താന്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പരിശോധനയില്‍ തദ്ദേശസ്ഥാപനങ്ങളും പങ്കാളികളാവണമെന്ന് യോഗം നിര്‍ദേശിച്ചു. ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ പ്രകാശന്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top