അഞ്ചേക്കര്‍ കൈതകൃഷിക്ക് മാരകമായ കീടനാശിനി പ്രയോഗമെന്ന് ആക്ഷേപം

പാറത്തോട്: കൈതകൃഷിക്ക് മാരകമായ കീടനാശിനി പ്രയോഗിച്ചത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി ആക്ഷേപം. പാറത്തോട് ഗ്രാമപ്പഞ്ചായത്ത് 10ാം വാര്‍ഡില്‍ കൂവപ്പള്ളിക്കു സമീപമാണ് സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തില്‍ പാട്ടത്തിനു സ്ഥലമെടുത്ത് കൈതകൃഷി നടത്തുന്നത്.അഞ്ച് ഏക്കര്‍ സ്ഥലത്ത് നടത്തുന്ന കൈതകൃഷിക്ക് മാരകമായ കീടനാശിനി പ്രയോഗിച്ചതായാണ് ആക്ഷേപം. ഇതു സംബന്ധിച്ച് സമീപ പ്രദേശങ്ങളിലുള്ളവര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. കീടനാശിനി പ്രയോഗിച്ചതോടെ സമീപ പ്രദേശങ്ങളില്‍ അസഹ്യമായ ദുര്‍ഗന്ധമാണ് വമിക്കുന്നത്. മാത്രമല്ല ഇത് ശ്വസിക്കുന്നവര്‍ക്ക് അസ്വസ്ഥതയുമുണ്ടാവുന്നുണ്ട്. പ്രദേശത്ത് താമസിക്കുന്ന കുട്ടികളും സ്ത്രീകളും അടങ്ങുന്ന മുതിര്‍ന്നവര്‍ക്കും തല കറക്കം, ഛര്‍ദ്ദി എന്നിവ പിടിപെട്ട് സമീപത്തുള്ള സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ചികില്‍സതേടിയിട്ടുണ്ട്. സമീപത്ത് പ്രവര്‍ത്തിക്കുന്ന പന്നിഫാമും മാലിന്യം പുറന്തള്ളുന്നതായി ആക്ഷേപമുണ്ട്. മാത്രമല്ല 25 കുട്ടികള്‍ ഉള്ള അങ്കണവാടി സമീപത്തു പ്രവര്‍ത്തിക്കുന്നുണ്ട്. കീടനാശിനി പ്രയോഗം കുട്ടികളുടെ ആരോഗ്യത്തെയും ബാധിക്കുമെന്നാണ് രക്ഷിതാക്കള്‍ ഭയപ്പെടുന്നത്. ആസ്ത്മ രോഗികളുള്‍പ്പെടെ മാരകമായ അസുഖങ്ങള്‍ പിടിപെട്ട് വീല്‍ചെയറില്‍ കഴിയുന്നവര്‍ വരെ താമസിക്കുന്ന പ്രദേശത്ത് കൈതകൃഷിയില്‍ കീടനാശിനി പ്രയോഗിച്ചതിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇതു സംബന്ധിച്ച് പ്രദേശ വാസികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എം ഹനീഫ, മെംബര്‍മാരായ കെ യു അലിയാര്‍, ഫിലോമിന റെജി, ഡയസ് കോക്കാട്ട് എന്നിവരാണ് ഇന്നലെ പ്രദേശം സന്ദര്‍ശിച്ചത്. തുടര്‍ന്ന് പ്രദേശവാസികളുമായി സംസാരിച്ച സംഘം നാളെ ഇതു സംബന്ധിച്ച് യോഗം വിളിക്കുമെന്ന് അറിയിച്ചു. പഞ്ചായത്ത് ഓഫിസില്‍ നടക്കുന്ന യോഗത്തില്‍ കൃഷിയുടമയെയും പ്രദേശവാസികളെയും യോഗത്തില്‍ പങ്കെടുപ്പിക്കും.

RELATED STORIES

Share it
Top