അഞ്ചു സംസ്ഥാനങ്ങളില്‍തിരഞ്ഞെടുപ്പ്

കെ എ സലിം

ന്യൂഡല്‍ഹി: മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു തിയ്യതികള്‍ പ്രഖ്യാപിച്ചു. രാജസ്ഥാനിലും തെലങ്കാനയിലും ഡിസംബര്‍ 7നും മധ്യപ്രദേശ്, മിസോറാം എന്നിവിടങ്ങളില്‍ നവംബര്‍ 28നും തിരഞ്ഞെടുപ്പ് നടക്കും. നവംബര്‍ 12, 20 തിയ്യതികളിലായി രണ്ടു ഘട്ടമായാണ് ഛത്തീസ്ഗഡില്‍ വോട്ടെടുപ്പ്. എല്ലായിടത്തും വോട്ടെണ്ണല്‍ ഡിസംബര്‍ 11നു നടക്കുമെന്നും ഇന്നലെ ഡല്‍ഹിയിലെ കമ്മീഷന്‍ ആസ്ഥാനത്തു വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ പി റാവത്ത് അറിയിച്ചു.
അഞ്ചു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ഇന്നലെ നിലവില്‍ വന്നു. എല്ലാ സംസ്ഥാനങ്ങളിലും ഡിസംബര്‍ 15നു മുമ്പായി തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവും. വോട്ട് ചെയ്തതിന്റെ സ്ലിപ് ലഭിക്കുന്ന വിവിപാറ്റ് സംവിധാനം അഞ്ചു സംസ്ഥാനങ്ങളിലെയും മുഴുവന്‍ ബൂത്തുകളിലും ഘടിപ്പിക്കും. ഇതിന്റെ റിഹേഴ്‌സലുകള്‍ അതതു സംസ്ഥാനങ്ങളിലെ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ മുമ്പാകെ നടത്തിയിട്ടുമുണ്ട്.
സുരക്ഷ, പണച്ചെലവ്, പ്രചാരണം തുടങ്ങിയ വിഷയങ്ങളിലും കര്‍ക്കശ നിലപാടുകള്‍ സ്വീകരിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. മിസോറാമിലെ സ്ഥാനാര്‍ഥികള്‍ക്കു ചെലവാക്കാവുന്ന പരമാവധി തുക 20 ലക്ഷവും മറ്റു നാലു സംസ്ഥാനങ്ങളിലെയും സ്ഥാനാര്‍ഥികള്‍ക്കുള്ള പരിധി 28 ലക്ഷവുമാണ്. ഫലപ്രഖ്യാപനം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ ചെലവായ തുക കമ്മീഷന്‍ മുമ്പാകെ സ്ഥാനാര്‍ഥികള്‍ ഹാജരാക്കണം.
മിസോറാം സര്‍ക്കാരിന്റെ കാലാവധി ഡിസംബര്‍ 12നും ഛത്തീസ്ഗഡിലേത് ജനുവരി 5നും അവസാനിക്കും. മധ്യപ്രദേശിലേത് ജനുവരി 7നും രാജസ്ഥാനിലേത് ജനുവരി 20നും അവസാനിക്കും. തെലങ്കാനയിലെ സര്‍ക്കാരിന്റെ കാലാവധി അടുത്ത വര്‍ഷം മാര്‍ച്ച് 5 വരെ ഉണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ മാസം 6നു മുഖ്യമന്ത്രി രാജിവച്ചതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഛത്തീസ്ഗഡില്‍ 1.85 കോടിയും മധ്യപ്രദേശില്‍ 5.03 കോടിയും രാജസ്ഥാനില്‍ 4.74 കോടിയും മിസോറാമില്‍ ഏഴു ലക്ഷവും വോട്ടര്‍മാരാണുള്ളത്. തെലങ്കാനയിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല. ഇവിടെ കരട് പട്ടികയില്‍ 2.61 കോടി വോട്ടര്‍മാരാണ് ഉള്ളത്.

RELATED STORIES

Share it
Top