അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യയില്‍ 23000 ബാങ്ക് തട്ടിപ്പുകളെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത് 23000ലധികം ബാങ്ക് തട്ടിപ്പു കേസുകള്‍. ഏകദേശം ഒരു ലക്ഷം കോടിയിലധികം രൂപയുടെ തട്ടിപ്പാണ് ഇതിലൂടെ നടന്നിട്ടുള്ളതെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി.
വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്കു മറുപടിയായാണ് ആര്‍ബിഐ പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്. ഓരോ കേസുകളിലും ചുരുങ്ങിയത് അഞ്ചുലക്ഷം മുതല്‍ തട്ടിപ്പു നടന്നിട്ടുണ്ടെന്നും റിപോര്‍ട്ട് പറയുന്നു.
2016-17 കാലത്ത് 5076 കേസുകളും 2017 ഏപ്രില്‍ മുതല്‍ 2018 മാര്‍ച്ച് ഒന്നു വരെ 5000ത്തിലധികം കേസുകളും രജിസ്റ്റര്‍ ചെയ്തതായും ആര്‍ബിഐ വ്യക്തമാക്കി. ഇത്തരം തട്ടിപ്പുകള്‍ പ്രകാരം 2017 ഏപ്രില്‍ മുതല്‍ 2018 മാര്‍ച്ച് വരെയുള്ള കാലയളവിലാണ് ഏറ്റവുമധികം തുക നഷ്ടമായത്. ഏകദേശം 28,459 കോടി രൂപയാണ് ഇക്കാലയളവില്‍ നഷ്ടമായതെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.
2014-2015 സാമ്പത്തിക വര്‍ഷത്തില്‍ 19455 കോടിയും, 2015-16ല്‍  18698 കോടിയുടെയും തട്ടിപ്പു നടന്നെന്നും ആര്‍ബിഐ രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ 2013 മുതല്‍ 2018 മാര്‍ച്ച് ഒന്നു വരെ ആകെ റിപോര്‍ട്ട് ചെയ്ത 23866 ബാങ്കു തട്ടിപ്പു കേസുകളില്‍ 1,00,718 കോടി രൂപ നഷ്ടപ്പെട്ടിട്ടുണ്ട്, തട്ടിപ്പു സംഭവങ്ങളുടെ നിജസ്ഥിതി പരിശോധിച്ചുവരികയാണ്. കേസുകള്‍ സിബിഐ, ഇഡി തുടങ്ങിയ ഏജന്‍സികള്‍ അന്വേഷിച്ചുവരികയാണ്. കേസുകളുടെ ഗൗരവം കണക്കിലെടുത്ത് നടപടികള്‍ സ്വീകരിക്കുമെന്നും ആര്‍ബിഐ പ്രതികരിച്ചു.
അടുത്തിടെ പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് 13000 കോടി തട്ടിച്ച് വജ്രവ്യവസായി നീരവ് മോദിയും ബന്ധു മെഹുല്‍ ചോക്‌സിയും രാജ്യം വിട്ടതോടെയാണു ബാങ്ക് തട്ടിപ്പുകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.

RELATED STORIES

Share it
Top