അഞ്ചു വര്‍ഷത്തിനകം 42 സ്വകാര്യ സ്‌കൂളുകള്‍ കൂടിദോഹ: രാജ്യത്ത് അഞ്ചു വര്‍ഷത്തിനകം 42 സ്വകാര്യ സ്‌കൂളുകള്‍ കൂടി ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. 23 പാഠ്യപദ്ധകളിലായി കെജി മുതല്‍ 12 വരെ ക്ലാസുകളുള്ള 262 സ്വകാര്യ സ്‌കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനു പുറമേയാണ് പുതിയ സ്‌കൂളുകള്‍ വരുന്നത്. എജുക്കേഷന്‍ ഇന്‍വെസ്റ്റ്‌മെന്റ് കോണ്‍ഫറന്‍സില്‍ സംസാരിക്കവേ വിദ്യാഭ്യാസ മന്ത്രാലയം ഹയര്‍ എജുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. ഖാലിദ് മുഹമ്മദ് അല്‍ഹൂര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.  രാജ്യത്ത് സ്‌കൂളുകള്‍ക്കായി നടത്തുന്ന നിക്ഷേപങ്ങളെ സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. ഖത്തരി വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയങ്ങള്‍ക്ക് വെള്ളം, വൈദ്യുതി, സ്ഥലം, കെട്ടിടങ്ങള്‍, പാഠപുസ്തകങ്ങള്‍ തുടങ്ങിയവ സൗജന്യമായി നല്‍കുന്നു. മറ്റു ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. ഖത്തര്‍ ചേംബറുമായി സഹകരിച്ച് 11 സ്വകാര്യ സ്‌കൂളുകള്‍ക്കായി സ്ഥലം കണ്ടെത്തി നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് അവസര വൈവിധ്യങ്ങള്‍ ഉറപ്പു വരുത്തിക്കൊണ്ട് 2017-2022 വര്‍ഷത്തേക്ക് രൂപപ്പെടുത്തി നയം നടപ്പിലാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു. ദോഹയില്‍ ഒരു സ്വകാര്യ യൂനിവേഴ്‌സിറ്റിയുടെ കാംപസ് അടുത്തിടെ തുറന്നു. കൂടുതല്‍ രാജ്യാന്തര യൂനിവേഴ്‌സിറ്റികള്‍ കാംപസുകള്‍ തുറക്കാന്‍ തയ്യാറെടുക്കുകയാണ്. വിവിധ സ്ഥാപനങ്ങളുടെ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. വൈകാതെ തീരുമാനമെടുക്കും. വിദ്യാഭ്യാസ രംഗത്തെ ആവശ്യം നിറവേറ്റുന്നതില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ നിര്‍ണായക ഘടകമാണെന്ന് അദ്ദേഹം പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്ന് വിദ്യാഭ്യാസ സ്ഥാപന രംഗത്ത് നിക്ഷേപം നടത്താന്‍ സന്നദ്ധരായി സംരംഭകരെത്തുന്നുണ്ട്. വിദ്യാഭ്യാസ രംഗത്തെ സ്വകാര്യ നിക്ഷേപം പ്രോല്‍സാഹിപ്പിക്കുന്നതിന് രാജ്യം വ്യക്തതയുള്ള നയം രൂപവല്‍ക്കരിച്ചിട്ടുണ്ട്. നിയമപരമായ പരിരക്ഷയുമുണ്ട്. 2020 ആകുമ്പോഴേക്കും രാജ്യത്തെ സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ മൂന്നിരട്ടി വളര്‍ച്ച കൈവരും. കഴിഞ്ഞ മൂന്നു ദശകത്തിനിടെ വലിയ തോതില്‍ വളര്‍ച്ച പ്രാപിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാകുന്ന വളര്‍ച്ചയുടെ തോതനുസരിച്ച് ഖത്തറിലും വളര്‍ച്ചയുണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top