അഞ്ചു വയസ്സുകാരന്റെ മനസ്സാന്നിധ്യം; രണ്ടു കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭിച്ചു

മുളിയാര്‍: അഞ്ചു വയസ്സുകാരന്റെ സന്ദര്‍ഭോജിത ഇടപെടലില്‍ സമപ്രായക്കാരായ രണ്ടു കുട്ടികള്‍ക്ക് പുതുജീവന്‍ ലഭ്യമായ ആശ്വാസത്തിലാണ് തൈവളപ്പ് ഗ്രാമം.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മല്ലം തൈവളപ്പിലെ മുനീര്‍-സാജിദ എന്നിവരുടെ മകന്‍ ബാസിം സമാന്‍, സഹോദരന്‍ ആരിഫ്-നിസാന ദമ്പതികളുടെ മകന്‍ അബ്ദുല്‍ ഷാമില്‍ എന്നിവര്‍ കളിച്ചു കൊണ്ടിരിക്കെ വീടിന് പിറക് വശത്തുള്ള ഉപയോഗശൂന്യമായ കുളത്തില്‍ വീണ പന്തെടുക്കുന്നതിടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. അഞ്ചു വയസ്സുകാരായ ഇരുവരും യുകെജി വിദ്യാര്‍ഥികളാണ്.
കൂടെ കളിച്ചു കൊണ്ടിരുന്ന സൈനുദ്ദീന്‍-അസ്മ ദമ്പതികളുടെ മകനും യുകെജി വിദ്യാര്‍ഥിയുമായ സൈനുല്‍ ആബിദീന്‍ സമീപത്തുണ്ടായിരുന്ന മരക്കഷ്ണം കുളത്തിലേക്ക് നീട്ടകയും ഇതു പിടിച്ച് ഇരുവരും രക്ഷപ്പെടുകയുമായിരുന്നു. 20 അടിതാഴ്ചയുള്ളതാണ് ആള്‍മറയില്ലാത്ത കുളം.
മല്ലംവാര്‍ഡ് വികസന സമിതി തൈവളപ്പില്‍ സംഘടിപ്പിച്ച അനുമോദന യോഗം കാസര്‍കോട് ഡിവൈഎസ്പി എം വി സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് അധ്യക്ഷത വഹിച്ചു. നാട്ടുകാരുടെ ഉപഹാരം ഡിവൈഎസ്പിയും പുഞ്ചിരി മുളിയാറിന്റെ ഉപഹാരം സെക്രട്ടറി ഹസൈനവാസും വികസന സമിതിയുടെ ഉപഹാരം മാധവന്‍ നമ്പ്യാരും സൈനുല്‍ ആബിദിന് കൈമാറി.

RELATED STORIES

Share it
Top