അഞ്ചു ലക്ഷം രൂപയുടെ ഹെറോയിനും കഞ്ചാവും പിടിച്ചെടുത്തു ; രണ്ടു പേര്‍ അറസ്റ്റില്‍വളാഞ്ചേരി: വളാഞ്ചേരിയില്‍  വന്‍ മയക്കുമരുന്നു വേട്ട. അഞ്ചു ലക്ഷം രൂപയുടെ ഹെറോയിനും,കഞ്ചാവും എക്‌സൈസ് സംഘം പിടിച്ചെടുത്തു.സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി.അന്താരാഷ്ട്ര വിപണിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന ഹെറോയിനുമായി വെസ്റ്റ് ബംഗാള്‍ സ്വദേശി രഞ്ജിത്ത് മൊണ്ടലും (25), രണ്ടു കിലോ കഞ്ചാവുമായി തമിഴ്‌നാട് മധുര ഉസുലാം പെട്ടി സ്വദേശി വനരാജന്‍ (38) എന്നിവരാണു കുറ്റിപ്പുറം എക്‌സൈസിന്റെ പിടിയിലായത്. കോളജ് വിദ്യാര്‍ഥികള്‍ക്കും മറുനാടന്‍ തൊഴിലാളികള്‍ക്കും വിറ്റഴിക്കുന്നതിനു വേണ്ടി 350 ഓളം ചെറു പൊതികളിലയാണ് ഹെറോയിന്‍ സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ദിവസം കുറ്റിപ്പുറത്തു നിന്നും ലഹരി ഗുളികകളുമായി പിടിയിലായ യുവാക്കളെ ചോദ്യം ചെയ്തതില്‍ നിന്നാണു ജില്ലയിലെ യുവാക്കള്‍ക്ക് മയക്കുമരുന്നും കഞ്ചാവും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കുന്ന സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചത്. തുടര്‍ന്ന് മലപ്പുറം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം നടത്തിയ തന്ത്രപൂര്‍വമായ നീക്കത്തിലാണു പ്രതികളെ പിടികൂടാനായത്. മയക്കുമരുന്നു കൊണ്ടു വരുന്നതിനായി പ്രതി രഞ്ജിത്ത് മൊണ്ടല്‍ ബംഗാളിലേക്ക് പോയതായി എക്‌സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നതിനാല്‍ ഇയാള്‍ വന്നയുടന്‍ ആവശ്യക്കാരെന്ന വ്യാജേന ഇയാളെ സമീപിച്ച് പിടികൂടുകയായിരുന്നു. പ്രതിയുടെ ഫോണിലേക്ക് മയക്കുമരുന്ന് ആവശ്യപ്പെട്ടുകൊണ്ട് വന്ന ഫോണ്‍ കോളുകളില്‍  ഭൂരിഭാഗവും കോളജ് വിദ്യാര്‍ഥികളായിരുന്നു. വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്നിന്റെ ഉപയോഗം കൂടി വരുന്നതായും നിരവധി വിദ്യാര്‍ഥികള്‍ നിരീക്ഷണത്തിലാണെന്നും കുറ്റിപ്പുറം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി എല്‍ ബിനുകുമാര്‍ പറഞ്ഞു. ജില്ലയിലെ മറ്റു മയക്കു മരുന്നു വിതരണക്കാരെ കുറിച്ച് വ്യക്തമായ സൂചന  ലഭിച്ചതായും വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പിടിയിലാകുമെന്നും എക്‌സൈസ് സംഘം അറിയിച്ചു. വളാഞ്ചേരി ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നാണു രണ്ടു കിലോ കഞ്ചാവുമായി  വനരാജന്‍ പിടിയിലാവുന്നത്. വളാഞ്ചേരിയിലെ ചില്ലറ വില്‍പനക്കാര്‍ക്ക് തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന മൊത്ത വിതരണക്കാരനാണ് ഇയാള്‍ .നിരവധി തവണ കഞ്ചാവുമായി വന്നിട്ടുണ്ടെങ്കിലും ഇയാളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. മലപ്പുറം കോഴിക്കോട് ജില്ലകളിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാള്‍. പ്രതികളെ ഇന്ന്  വടകര എന്‍ഡിപിഎസ്  കോടതിയില്‍ ഹാജരാക്കും. പ്രിവന്റീവ് ഓഫിസര്‍മാരായ വി ആര്‍ രാജേഷ്, എ കെ രവീന്ദ്രനാഥ് ,സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി ലതീഷ്, എ ഹംസ, ഷിബു ശങ്കര്‍, ശി ഹാബുദ്ധീന്‍ ,ഗിരീഷ് ,ഗണേഷന്‍ ,ഐശ്വര്യ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

RELATED STORIES

Share it
Top