അഞ്ചുവര്‍ഷമായിട്ടും നിര്‍മാണം പൂര്‍ത്തിയാവാതെ കട്ടപ്പന മിനി സിവില്‍ സ്റ്റേഷന്‍

കട്ടപ്പന: നിര്‍മാണം തുടങ്ങിയിട്ട് അഞ്ചാം വര്‍ഷവും കട്ടപ്പന മിനി സിവില്‍ സ്‌റ്റേഷന്റെ പണി പാതിവഴിയില്‍. 2012 ബഡ്ജറ്റില്‍ ധനമന്ത്രി ആയിരുന്ന കെ എം മാണി പ്രത്യേകം ഫണ്ട് വിലയിരുത്തി അഞ്ച് കോടി രൂപ മിനി സിവില്‍ സ്‌റ്റേഷന് അനുവദിച്ചിരുന്നു. ബസ് സ്റ്റാന്റ് നിര്‍മ്മാണത്തിനായി സ്വകാര്യവ്യക്തി നഗരസഭയ്ക്ക് നല്‍കിയ സ്ഥലം നഗരസഭ മിനി സിവില്‍ സ്‌റ്റേഷനുവേണ്ടി വിട്ടുനല്‍കുകയായിരുന്നു. എന്നാല്‍, നിര്‍മ്മാണ സ്ഥലത്തെ പാറ പൊട്ടിച്ചു നീക്കുന്നതിനെതിരെയും സ്ഥലത്തിന്റെ ഉപയോഗത്തെ സംബന്ധിച്ചും സമീപവാസികളുമായി ഉണ്ടായ തര്‍ക്കം മൂലം നിര്‍മ്മാണം വൈകി. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ തര്‍ക്കം പരിഹരിച്ചിരുന്നു. തുടര്‍ന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പണി എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ ജോലികളും പൂര്‍ത്തീകരിച്ച് കട്ടപ്പനയിലെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മിനി സിവില്‍ സ്‌റ്റേഷനില്‍ സ്ഥാപിക്കാനുള്ള ശ്രമം നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഏഴു മാസത്തിനു ശേഷവും പണി പൂര്‍ത്തിയായിട്ടില്ല. പൊതുമരാമത്ത് വകുപ്പിന്റെ ഡിസൈന്‍വിംഗില്‍ നിന്ന് കെട്ടിടത്തിന്റെ ഡിസൈന്‍ തയ്യാറാക്കാന്‍ താമസിച്ചത് പണി ഇഴയാന്‍ കാരണമായി. ആദ്യഘട്ടത്തില്‍ രണ്ട് നിലകളുടെ പണി പൂര്‍ത്തിയാക്കാനാണ് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ ലക്ഷ്യമിടുന്നത്. ബേസ്‌മെന്റ് പാര്‍ക്കിംഗ് ഏരിയ, സ്‌റ്റോര്‍  റൂം, ഡ്രൈവര്‍മാര്‍ക്കുള്ള വിശ്രമകേന്ദ്രം എന്നിവ ഒന്നാം നിലയിലും ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, വില്ലേജ് ഓഫീസ്, സബ് രജിസ്ട്രാര്‍ ഓഫീസ് എന്നിവ രണ്ടാം നിലയിലും പ്രവര്‍ത്തിക്കാന്‍ ആവശ്യമായ രീതിയിലാണ് നിര്‍മ്മാണം. കട്ടപ്പന എക്‌സൈസ് റേഞ്ച് ഓഫീസിന് ഇടമുണ്ടാകില്ല. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്താല്‍ നട്ടംതിരിയുന്ന കട്ടപ്പന എക്‌സൈസ് റേഞ്ച് ഓഫീസ് മിനി സിവില്‍ സ്‌റ്റേഷനിലേക്ക് മാറ്റിസ്ഥാപിക്കില്ല. വാഹനം പാര്‍ക്ക് ചെയ്യാനൊ തൊണ്ടി മുതലും പ്രതികളെയും സൂക്ഷിക്കാനൊ വേണ്ട സൗകര്യമില്ലാത്ത എക്‌സൈസ് റേഞ്ച് ഓഫീസിന് അടുത്ത കാലത്തൊന്നും ശാപമോക്ഷമുണ്ടാവില്ല.

RELATED STORIES

Share it
Top