അഞ്ചുമനപ്പാലം അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു

വൈക്കം: വൈക്കം-വെച്ചൂര്‍ റോഡിലെ അഞ്ചുമനപ്പാലം അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങളായി. വീതുകുറഞ്ഞ പാലത്തില്‍ ഗതാഗതകുരുക്കും നിത്യസംഭവമാണ്. വെച്ചൂര്‍ ഔട്ട് പോസ്റ്റിനു സമീപം തോടിന് കുറുകെയുള്ള അഞ്ചുമനപ്പാലത്തിന് 60 വര്‍ഷത്തോളം പഴക്കമുണ്ട്. കാലപ്പഴക്കത്താല്‍ പാലത്തിന്റെ കൈവരികളും, കല്‍ക്കെട്ടും, തകര്‍ന്നിരിക്കുകയാണ്. അടിയിലത്തെ ഗാര്‍ഡര്‍ ഒടിഞ്ഞ് നിലം പൊത്താറായി. ഈ അവസ്ഥ കണ്ടാല്‍ ഈ പാലത്തിലൂടെ സഞ്ചരിക്കാന്‍ ആരും കൂട്ടാക്കിയില്ല.
ഇതിന്റെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പ് മടിക്കുന്നതിനു പിന്നിലും ചതി ഒളിഞ്ഞിരിപ്പുണ്ട്. കാരണം ഇത് പുറത്തുവന്നാല്‍ പ്രക്ഷോഭങ്ങള്‍ ഉണ്ടാകാനാണ് സാധ്യത. വീതികുറഞ്ഞ പാലത്തില്‍ ബസ്സും ഭാരവണ്ടികളും കടന്നുപോവുമ്പോള്‍ കാല്‍നടയാത്രക്കാരും മറ്റും ഓടി മാറേണ്ട അവസ്ഥയാണ്.
ഇരുചക്രവാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പ്പെടുന്നതില്‍ ഏറെയും. അതുപോലെ ഒരേസമയം ഒരുവശത്തു നിന്നും മാത്രമേ വാഹനങ്ങള്‍ക്ക് പാലത്തിലൂടെ പോവാന്‍ സാധിക്കൂ. ഇവിടെയെല്ലാം കാല്‍നട യാത്രയായെത്തുന്നവര്‍ പോലും കാത്തുകിടക്കേണ്ട അവസ്ഥയാണ്. ചേര്‍ത്തല, ആലപ്പുഴ, എറണാകുളം ഭാഗത്തും നിന്നും കുമരകത്തേക്കു പോവുന്ന വിനോദ സഞ്ചാരികളുടെ ഏകവഴിയും പാലത്തിലൂടെയാണ്.
ടോറസുകള്‍ ഉള്‍പ്പെടെയുള്ള ഭാരവാഹനങ്ങള്‍ പ്രയാസപ്പെട്ടാണു പാലത്തില്‍ കൂടി കടന്നുപോവുന്നത്.
ഭാരവണ്ടികളെ പാലത്തില്‍ നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് ഇവിടെയുള്ളവര്‍ പറയുന്നു. വൈക്കം-വെച്ചൂര്‍ റോഡ് വികസനത്തോടൊപ്പം അഞ്ചുമന പാലവും പുനര്‍നിര്‍മിക്കുമെന്നാണു ബന്ധപ്പെട്ട അധികാരികള്‍ പറയുന്നത്. 15 മീറ്റര്‍ വീതിയില്‍ റോഡ് നവീകരിച്ച് അഞ്ചുമന പാലം ഉള്‍പ്പെടെയുള്ള പാലങ്ങളും പുനര്‍നിര്‍മിക്കാനായി വിശദമായ പദ്ധതിരേഖ (ഡിപിആര്‍) സമര്‍പ്പിച്ചെങ്കിലും 13 മീറ്റര്‍ വീതിയില്‍ നിര്‍മിക്കാനാണു കിഫ്ബി നിര്‍ദേശിച്ചത്. ഇതിനായി 97.30 കോടിയും അനുവദിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ പദ്ധതിരേഖ തയ്യറാക്കുന്ന നടപടികള്‍ രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാവും. പുതിയ ഡിപിആര്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ തുടര്‍ നടപടികള്‍ അടിയന്തരമായി പൂര്‍ത്തീകരിച്ച് റോഡ് നവീകരണം ആരംഭിക്കുമെന്നു സി കെ ആശ എംഎല്‍എ പറഞ്ഞു. വൈക്കം-വെച്ചൂര്‍ റോഡ് വീതികൂട്ടി നവീകരിക്കുമ്പോള്‍ അഞ്ചുമനപ്പാലവും പുതുക്കി പണിയുമെന്നാണ് പ്രതീക്ഷയിലാണ് ജനങ്ങള്‍.

RELATED STORIES

Share it
Top