അഞ്ചുമണിക്കൂര്‍ ഓട്ടന്‍തുള്ളല്‍ അവതരണത്തിനു വിദ്യാര്‍ഥിനി

തൃശൂര്‍: തുടര്‍ച്ചയായി അഞ്ചു മണിക്കൂര്‍ ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കാന്‍ കേരള സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിനി ദൃശ്യ ഗോപിനാഥ്. ശാരീരിക വിഷമതകളുടെയും മറ്റും പേരില്‍ ഓട്ടന്‍തുള്ളലില്‍ നിന്നു മാറിപ്പോവുന്ന സ്ത്രീകള്‍ക്കു പ്രചോദനമാവുക എന്ന ലക്ഷ്യത്തോടെയാണു പുനലൂര്‍ സ്വദേശിനിയായ കലാകാരി പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നത്. മഹാകവി കുഞ്ചന്‍ നമ്പ്യാരുടെ കഥകള്‍ കൂട്ടിയിണക്കി ശ്രീകൃഷ്ണ കഥാമൃതം-തുള്ളല്‍ പഞ്ചമം എന്ന പേരിലാണ് ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കുക.
സാമൂഹിക വിമര്‍ശനം ഉള്‍ച്ചേരുന്ന പാഠങ്ങളെന്ന നിലയിലാണു താന്‍ ഓട്ടന്‍തുള്ളലിനെ കാണുന്നതെന്നു ദൃശ്യ ഗോപിനാഥ് പറഞ്ഞു. സാധാരണഗതിയില്‍ ഇതിഹാസ കഥകളുടെ പുറംതോട് മാത്രമേ രംഗത്ത് അവതരിപ്പിക്കാറുള്ളൂ. എന്നാല്‍ കുഞ്ചന്‍നമ്പ്യാരുടെ ലക്ഷ്യമായിരുന്ന അധികാര വിമര്‍ശനവും ഈ അവതരണങ്ങളുടെ പ്രത്യേകതയാണ്. ശ്രീകൃഷ്ണന്റെ ജനനം മുതല്‍ ശ്രീകൃഷ്ണലീല, ഗോവര്‍ധനചരിത്രം, സന്താനഗോപാലം തുടങ്ങിയ കഥകള്‍ കൂട്ടിയിണക്കി ഇടവേളയില്ലാതെയാണു താന്‍ ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കുക. ഇത് ഓട്ടന്‍തുള്ളലിന്റെ ജനകീയതയും സ്വീകാര്യതയും വര്‍ധിപ്പിക്കുന്നതിനും ഓട്ടന്‍തുള്ളല്‍ കലാകാരികളെ രംഗത്തേക്കു കൊണ്ടുവരുന്നതിനും സഹായിക്കും. 13നു വൈകീട്ട് നാലിന് തൃശൂര്‍ സംഗീത അക്കാദമി റീജ്യനല്‍ തിയേറ്ററില്‍ തുള്ളല്‍ പഞ്ചമം അങ്ങേറും.
ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ തുള്ളല്‍ അഭ്യസിക്കാനാരംഭിച്ച ദൃശ്യ ഇതിനകം കേരളത്തിലും പുറത്തുമായി 500 ല്‍പ്പരം വേദികള്‍ പിന്നിട്ടു. പുനലൂര്‍ കരവാളൂര്‍ മംഗലത്തു വീട്ടില്‍ അഡ്വ. പി എന്‍ ഗോപിനാഥന്‍ നായരുടെയും രോഹിണിയുടെയും രണ്ടാമത്തെ മകളാണ്.
നിരവധി സമ്മാനങ്ങളും അംഗീകാരങ്ങളും ലഭിച്ച ദൃശ്യ, കേരള സര്‍വകലാശാലയില്‍ കാവ്യതാളങ്ങളും സര്‍ഗാത്മകതയും കുഞ്ചന്‍നമ്പ്യാരുടെ കൃതികളെ മുന്‍നിര്‍ത്തി ഒരു പഠനം എന്ന വിഷയത്തില്‍ ഗവേഷണം നടത്തുകയാണ്.

RELATED STORIES

Share it
Top