അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ്: ആരോഗ്യ സര്‍വകലാശാല അഫിലിയേഷന്‍ നല്‍കണം

കൊച്ചി: കണ്ണൂരിലെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിന് 2018-19 വര്‍ഷം പ്രവേശനത്തിന് ആരോഗ്യ സര്‍വകലാശാല അഫിലിയേഷന്‍ നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അഫിലിയേഷന്‍ ലഭ്യമാകുന്ന മുറയ്ക്ക് ഈ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശന അലോട്ട്‌മെന്റ് നടപടിക്രമങ്ങളില്‍ ഈ കോളജിനെയും ഉള്‍പ്പെടുത്തണമെന്ന് കോടതി നിര്‍ദേശിച്ചു.  പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന അലോട്ട്‌മെന്റില്‍ തങ്ങളെ ഉള്‍പ്പെടുത്താത്തത് ചോദ്യം ചെയ്ത് മാനേജ്‌മെന്റ് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
കോളജിന് നടപ്പു വര്‍ഷം ആരോഗ്യ സര്‍വകലാശാലയുടെ അഫിലിയേഷന്‍ ഇല്ലെന്നും അതിനാല്‍ അലോട്ട്‌മെന്റ് നടപടികളില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കോളജിലെ മൂന്ന് അധ്യാപകരെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഡീബാര്‍ ചെയ്ത സാഹചര്യത്തിലാണ് അഫിലിയേഷന്‍ നല്‍കാത്തതെന്ന് ആരോഗ്യ സര്‍വകലാശാലയും വ്യക്തമാക്കി. എന്നാല്‍, ഇവരെ ഡീബാര്‍ ചെയ്ത നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണെന്നും മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം കോളജിനുണ്ടെന്നും ഹരജിക്കാര്‍ വാദിച്ചു. അധ്യാപകര്‍ക്കെതിരായ നടപടിക്ക് സ്‌റ്റേ നിലവിലുള്ളതും കോളജിന് എംസിഐയുടെ അംഗീകാരമുള്ളതും പരിഗണിച്ചാണ് കോടതി എത്രയും വേഗം കോളജിന് അഫിലിയേഷന്‍ നല്‍കാന്‍ ആരോഗ്യ സര്‍വകലാശാലാ വിസിക്ക് നിര്‍ദേശം നല്‍കുകയും അഫിലിയേഷന്‍ ലഭിച്ചാല്‍ അലോട്ട്‌മെന്റില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിക്കുകയും ചെയ്തത്.

RELATED STORIES

Share it
Top