അഞ്ചംഗ ചീട്ടുകളി സംഘം പിടിയില്‍

കൊച്ചി: നഗരത്തിലെ ഹോം സ്‌റ്റേകള്‍ കേന്ദ്രീകരിച്ച് ലക്ഷങ്ങള്‍ കൈമാറ്റം നടത്തി ചീട്ടുകളി സംഘടിപ്പിച്ചു വരികയായിരുന്ന വന്‍ ഗാംബ്ലിങ് സംഘങ്ങളില്‍പ്പെട്ട അഞ്ചുപേര്‍ കൊച്ചി സിറ്റി ഷാഡോ പോലിസിന്റെ പിടിയിലായി. പള്ളുരുത്തി പോലിസ് സ്‌റ്റേഷന്‍ പരിധിയിലുള്ള പ്രമുഖ ഹോം സ്‌റ്റേയില്‍ നിന്നും കുമ്പളങ്ങി സ്വദേശികളായ ജോഷി ലോറന്‍സ് (45), ഷാജി (45), മട്ടഞ്ചേരി സ്വദേശി കമറുദീന്‍ (46), പള്ളരുത്തി സ്വദേശി മനോജ് (55), തൃക്കാക്കര സ്വദേശി ഹനീഫ് (47) എന്നിവരാണ് പോലിസ് പിടിയിലായത്. സിറ്റി പോലിസ് കമ്മീഷണര്‍ എം പി ദിനേശിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം ഷാഡോ സംഘം നടത്തിയ തിരച്ചിലില്‍ ആണു പ്രതികള്‍ പിടിയിലായത്. ഈ സംഘത്തില്‍ നിന്നും ഒന്നേമുക്കാല്‍ ലക്ഷം രൂപയും മുന്തിയ ഇനം വിദേശമദ്യങ്ങളും നിരവധി മൈാബൈല്‍ ഫോണുകളും കളിക്കാന്‍ ഉപയോഗിക്കുന്ന വിദേശ നിര്‍മിത ചീട്ടുകളും കണ്ടെടുത്തു.
നഗരത്തിലെ സ്വകാര്യ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് നടത്തിയിരുന്ന വന്‍ ചൂതാട്ടങ്ങള്‍ ശക്തമായ പോലിസ് നടപടികളെ തുടര്‍ന്ന് ഹോം സ്‌റ്റേകളിലേക്കു പ്രവര്‍ത്തനം മാറ്റിയിരിക്കുകയായിരുന്നു. ഹോം സ്‌റ്റേകളിലെ മുഴുവന്‍ മുറികളും ഒരു ദിവസം മുഴുവനായി ബുക്ക് ചെയ്തായിരുന്നു ചീട്ടുകളി സംഘടിപ്പിച്ചിരുന്നത്. വാട്ട്‌സ്ആപ് ഗ്രൂപ്പുകള്‍ വഴിയായിരുന്നു കളി നടക്കുന്ന ഹോം സ്‌റ്റേയുടെ വിവരങ്ങളും സമയവും മറ്റും ചീട്ടുകളിക്കാരെ അറിയിച്ചിരുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് എ സി പി ബിജി ജോര്‍ജിന്റെ നേതൃത്വത്തില്‍ ഷാഡോ എസ്‌ഐ എ ബി വിബിന്‍, പള്ളുരുത്തി എസ്‌ഐ ബിബിന്‍ എ ജി, സിപിഒ മാരായ ഷാജിമോന്‍, യൂസഫ്, സുനില്‍, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് സംഘത്തെ പിടികൂടിയത്.

RELATED STORIES

Share it
Top