അജ്മലിന്റെ മരണത്തിന് പിന്നിലെ ദുരൂഹത അകറ്റണം: ആക്ഷന്‍ കമ്മിറ്റി

കാസര്‍കോട്: ചെമനാട് കൊമ്പനടുക്കം ആലിച്ചേരി സ്വദേശി അജ്മലിന്റെ (26) മരണത്തിലെ ദുരൂഹത അകറ്റണമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ചെമനാട് കൊമ്പനടുക്കം ആലിച്ചേരിയിലെ അലവി-ഖദീജ ദമ്പതികളുടെ മകനായ മുഹമ്മദ് അജ്മല്‍ 22ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സക്കിടെയാണ് മരിച്ചത്.
ഒന്നരവര്‍ഷത്തോളമായി കാഞ്ഞങ്ങാട് ചിത്താരിയിലെ സലീമിന്റെ ഷാര്‍ജയിലെ കടയില്‍ ജോലിചെയ്യുകയായിരുന്നു. അജ്മലിനെ 17ന് രാത്രിയാണ് കടയുടമ ഷാര്‍ജയില്‍ നിന്നും നാട്ടിലേക്ക് കയറ്റി വിട്ടത്. അജ്മലിനെ അടിപിടി കാരണം നാട്ടിലേക്ക് കയറ്റി അയക്കുകയാണെന്നാണ് ഷാര്‍ജയില്‍ നിന്നും കടയുടമ പറഞ്ഞത്. ഈ വിവരം കടയുടമയുടെ ചെമനാട് സ്വദേശിയായ ബന്ധു ബഷീര്‍ അജ്മലിന്റെ സഹോദരനോട്് നേരിട്ട് പറഞ്ഞിരുന്നു.
18ന് രാവിലെ വീട്ടിലെത്തിയ അജ്മല്‍ ഉടന്‍ തന്നെ ഏര്‍വാടിയിലേക്ക് പോവുകയാണെ് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. മൂന്ന് ദിവസത്തിന് ശേഷം 21ന് വൈകീട്ടാണ് അജ്മല്‍ ആശുപത്രിയിലാണെ വിവരം വീട്ടുകാര്‍ക്ക് ലഭിച്ചത്. അജ്മല്‍ സാധാരണ ഏര്‍വാടിയിലേക്കടക്കം തീര്‍ത്ഥാടനത്തിന് പോവാറുണ്ട്്. ഇത് കാരണം കൂടുതല്‍ അന്വേഷിച്ചിരുന്നില്ല.
മെഡിക്കല്‍ കോളജില്‍ നിന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സഹോദരന്‍മാര്‍ 22ന് ഉച്ചയോടെ ആശുപത്രിയില്‍ എത്തി. അപ്പോഴേക്കും അജ്മലിനെ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. ലാബ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്ന് രാത്രിയോടെയാണ് അജ്മലിന്റെ ശരീരത്തില്‍ വിഷാംശം കലര്‍ന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. അന്ന് രാത്രിയോടെയായിരുന്നു അജ്മലിന്റെ മരണം.
ഷാര്‍ജയില്‍ നിന്നുതന്നെ വിഷാംശം അകത്ത് കടന്ന അജ്മലിനെ ധൃതിപിടിച്ച് നാട്ടിലേക്ക് കയറ്റിവിട്ടതിലും വിഷാംശം അകത്ത് കടന്നവിവരം ബന്ധുക്കളില്‍ നിന്നും മറച്ചുവെച്ചതിലും ദുരൂഹതയുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
നിര്‍ധന കുടുംബമാണ് അജ്മലിന്റേത്. നാട്ടില്‍ കൂലിപണിയെടുത്ത് കുടുംബം പുലര്‍ത്തിയിരുന്നു. ഇതിനിടയിലാണ് ട്രാന്‍സിസ്റ്റ് വിസയില്‍ ഷാര്‍ജയിലേക്ക് പോയത്. അവിടെ വിസ തരപ്പെടുത്തി സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിക്ക് കയറുകയായിരുന്നു. ഗള്‍ഫില്‍ നിന്ന് തന്നെ വിഷാംശം അകത്തുചെന്നതായി സംശയിക്കുകയാണെന്നും ഇദ്ദേഹത്തിന്റെ ഗള്‍ഫിലെ കടയുടമ സ്ഥലത്തുണ്ടായിട്ടും മൃതദേഹം കാണാന്‍ പോലും എത്താത്തതില്‍ സംശയമുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
പോസ്റ്റുമോര്‍ട്ട് റിപോര്‍ട്ട് ലഭിച്ചാലുടന്‍ മറ്റ് നടപടികള്‍ സ്വീകരിക്കും. മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാന്‍ ഏതറ്റം വരെയുള്ള നിയമപോരാട്ടം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ സി ടി അഹമ്മദലി, ശഫീഖ് നസറുല്ല, ബി എച്ച് അബൂബക്കര്‍ സിദ്ദീഖ്, മന്‍സൂര്‍ കുരിക്കള്‍, ഹമീദ് സീസണ്‍, ബാഷ ചെമനാട്, ടി കെ രാജന്‍, അജ്മലിന്റെ സഹോദരന്‍ നൗഷാദ് ആലിച്ചേരി സംബന്ധിച്ചു.

RELATED STORIES

Share it
Top