അങ്ങനെയുമൊരു കമ്മീഷന്‍ റിപോര്‍ട്ട്

രാകേഷ് ദീക്ഷിത്
2016 ഒക്ടോബര്‍ 31നു ഭോപാലിനു സമീപത്തുള്ള ഒരു കുന്നിന്‍മുകളില്‍ വച്ചു സിമിക്കാരെന്നു പറയപ്പെടുന്ന എട്ടു പേര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ചു വന്ന അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് വായിക്കുമ്പോള്‍ സംഭവത്തെക്കുറിച്ചുള്ള പോലിസ് നല്‍കിയ പത്രപ്രസ്താവന തന്നെയെന്നു തോന്നും. ഏകാംഗ കമ്മീഷനായ ജസ്റ്റിസ് എസ് കെ പാണ്ഡെ ഏറ്റുമുട്ടല്‍ കൊല സംബന്ധിച്ച് പോലിസ് നല്‍കിയ വിവരങ്ങളാണ് മിക്കവാറും ആശ്രയിക്കുന്നത്.
ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു പുറത്തുചാടിയെന്നു പോലിസ് പറയുന്ന സിമിക്കാര്‍ കൊല്ലപ്പെട്ട സംഭവം വിവാദമായപ്പോഴാണ് മധ്യപ്രദേശ് ഗവണ്‍മെന്റ് അന്വേഷണം പ്രഖ്യാപിച്ചത്. കൊല്ലപ്പെട്ട മുഹമ്മദ് സാലിഖ്, സാക്കിര്‍ ഹുസയ്ന്‍, അംജദ് ഖാന്‍, മഹ്ബൂബ് ഗുഡ്ഡു, മുഹമ്മദ് അഖീല്‍ ഖില്‍ജി, മുജീബ് ശെയ്ഖ്, മുഹമ്മദ് ഖാലിദ് അഹ്മദ്, അബ്ദുല്‍ മാജിദ് എന്നിവര്‍ ഗുരുതരമായ പല കുറ്റങ്ങള്‍ക്കും വിചാരണ നേരിടുകയായിരുന്നു. പ്രധാനമായും അവര്‍ ജയില്‍ ചാടിയതിന്റെ ഉത്തരവാദിത്തം ആര്‍ക്ക്, ഏറ്റുമുട്ടല്‍ കൊല വേണ്ടിയിരുന്നുവോ എന്നീ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാനായിരുന്നു കമ്മീഷനെ അധികാരപ്പെടുത്തിയിരുന്നത്. സംഭവം സംബന്ധിച്ച് ലഭ്യമായ വീഡിയോ ദൃശ്യങ്ങളും ഒരു പൗരസമൂഹം നടത്തിയ അന്വേഷണവും പോലിസിന്റെ വിവരണത്തില്‍ സംശയം പ്രകടിപ്പിക്കുകയും കൊലകള്‍ മുന്‍കൂട്ടി ഏര്‍പ്പാടു ചെയ്തതാണെന്ന ആരോപണത്തിനു ശക്തി പകരുകയും ചെയ്തിരുന്നു.
ആര്‍എസ്എസുമായി അടുത്ത ബന്ധമുള്ള ജഡ്ജിയായിരുന്നു പാണ്ഡെ എന്ന പരാതി അന്നുതന്നെ ഉയര്‍ന്നിരുന്നു. 2017 ആഗസ്ത് 24നു കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ഈയിടെയാണ് അതു പ്രസിദ്ധീകരിച്ചത്. പാണ്ഡെയെ കമ്മീഷനായി നിയമിച്ചതിനെ എതിര്‍ത്തവരില്‍ മുന്‍ അഡ്വക്കറ്റ് ജനറല്‍ ആനന്ദ് മോഹന്‍ മാഥൂറുമുണ്ട്.
ഒക്ടോബര്‍ 31നു രാത്രി ഒരു ടൂത്ത്ബ്രഷ് ഉപയോഗിച്ച് തടവുകാര്‍ തങ്ങളുടെ സെല്ലിന്റെ പൂട്ട് തുറന്നു. പിന്നെ അവര്‍ ബെഡ്ഷീറ്റും മരക്കഷണങ്ങളും ഉപയോഗിച്ചു നിര്‍മിച്ച കോണിയിലൂടെ താഴോട്ടിറങ്ങി. അവര്‍ വാര്‍ഡനെ കെട്ടിയിട്ടു. മറ്റൊരു കാവല്‍ക്കാരന്റെ കഴുത്തറുത്തു. കെട്ടിയിട്ട വാര്‍ഡന്‍ പറഞ്ഞതാണിത്. ഇതൊക്കെ വിശ്വസനീയമാണെന്നാണ് പാണ്ഡെ തന്റെ റിപോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, ജയില്‍ചാട്ടം നടക്കുമ്പോള്‍ ജയിലിലും പരിസരത്തുമായി സ്ഥാപിച്ച 42 സിസിടിവി കാമറകളില്‍ നാലെണ്ണമേ പ്രവര്‍ത്തിച്ചുള്ളൂവെന്നതിനു ജയില്‍ അധികൃതര്‍ എന്തു വിശദീകരണം നല്‍കിയെന്നു കമ്മീഷന്‍ വ്യക്തമാക്കുന്നില്ല. മധ്യപ്രദേശിലെ ഏറ്റവും ഭദ്രമായ ജയിലില്‍ നിന്ന് എട്ടു സിമിക്കാര്‍ എങ്ങനെ രക്ഷപ്പെട്ടു? ഭീകര പ്രവര്‍ത്തന കുറ്റം ആരോപിക്കപ്പെട്ട അവര്‍ക്ക് എന്തുകൊണ്ട് കൂടുതല്‍ ഭദ്രമായ കാവല്‍ ഏര്‍പ്പെടുത്തിയില്ല? ഈ ചോദ്യങ്ങള്‍ക്കും റിപോര്‍ട്ടില്‍ മറുപടിയില്ല.
ജയിലില്‍ നിന്നു 10 കിലോമീറ്റര്‍ അകലെ, എട്ടു മണിക്കൂറിനു ശേഷമാണ് ഒരു കുന്നിന്‍മുകളില്‍ വച്ച് ഏറ്റുമുട്ടല്‍ കൊല നടക്കുന്നത്. അതു സംബന്ധിച്ച പോലിസ് ഭാഷ്യം കമ്മീഷന്‍ അപ്പടി വിശ്വസിക്കുകയായിരുന്നുവെന്നു കരുതാം. മാത്രമല്ല, ക്രിമിനല്‍ നടപടി നിയമം 41ാം വകുപ്പ്, 46 (2), (3) വകുപ്പ് പ്രകാരം പോലിസ് നടപടി ന്യായീകരിക്കത്തക്കതാണെന്നു കമ്മീഷന്‍ പറയുന്നു. നിയമാനുസൃതമായ കസ്റ്റഡിയില്‍ നിന്നു ചാടിപ്പോവുന്നവരെ കീഴ്‌പ്പെടുത്താന്‍ ആവശ്യമായ എല്ലാം ചെയ്യുന്നതിനു പോലിസിന് അധികാരം നല്‍കുന്നതാണ് ആ വകുപ്പുകള്‍.
പക്ഷേ, കൊലപാതകത്തില്‍ പങ്കെടുത്ത പോലിസുകാരില്‍ ചിലര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ മറ്റു ചിലതാണ് വെളിപ്പെടുത്തുന്നത്. അതിലൊന്നില്‍ ഒരു പോലിസുകാരന്‍ 'ജീവനുണ്ടോ, കൊല്ലൂ' എന്നു വിളിച്ചുപറയുന്നു. അപ്പോള്‍ ജയില്‍ ചാടിയവരിലൊരാള്‍ അയാളുടെ അടുത്തുതന്നെ വീണുകിടക്കുകയാണ്. 'ഭീകരരെ' തട്ടിക്കളഞ്ഞതിനു ഭോപാല്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നു ചില പോലിസ് ഉദ്യോഗസ്ഥര്‍ അവരെ അഭിനന്ദിക്കുന്ന ശബ്ദരേഖയും പുറത്തുവന്നു.
എന്‍സിഎച്ച്ആര്‍ഒയും ഡല്‍ഹിയിലെ ക്വില്‍ ഫൗണ്ടേഷനും ചേര്‍ന്നു നടത്തിയ വസ്തുതാന്വേഷണത്തില്‍ ഔദ്യോഗിക വിശദീകരണത്തില്‍ പല വൈരുദ്ധ്യങ്ങളും കണ്ടെത്തിയിരുന്നു. പ്രതിപക്ഷ കക്ഷികളും പൗരാവകാശ പ്രവര്‍ത്തകരും ജയില്‍ ചാടിയവരെ കീഴടങ്ങാന്‍ അനുവദിക്കാതെ വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് ആരോപിച്ചു. എന്നാല്‍, കമ്മീഷന്‍ പറയുന്നത് പോലിസ് വെടിവച്ചിട്ടും കീഴടങ്ങാന്‍ സന്നദ്ധരല്ലാത്ത അവര്‍ക്കു പരിക്കേറ്റുവെന്നും സംഭവസ്ഥലത്ത് കൊല്ലപ്പെട്ടുവെന്നുമാണ്.
മറ്റു ചില മൊഴികള്‍ ഉദ്ധരിച്ചുകൊണ്ട് ജ. പാണ്ഡെ സിമി പ്രവര്‍ത്തകര്‍ പോലിസിനു നേരെ വെടിയുതിര്‍ത്തെന്നും മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ആക്രമിച്ചെന്നും പറയുന്നു. എന്നാല്‍, അവരുടെ കൈയില്‍ നാടന്‍തോക്കും മൂര്‍ച്ച കൂടിയ കഠാരകളും എങ്ങനെ വന്നുവെന്നു കമ്മീഷന്‍ വിശദീകരിക്കുന്നില്ല. മധ്യപ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ് മേധാവി 'യുവാക്കളുടെ കൈയില്‍ മാരകായുധങ്ങള്‍ ഉണ്ടായിരുന്നില്ല' എന്നു പറയുമ്പോള്‍ ഭോപാല്‍ റേഞ്ച് ഐജി 'അവരുടെ പക്കല്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നു'വെന്നാണ് ആരോപിക്കുന്നത്. ജയില്‍ ചാടിയവര്‍ സംഘമായി സഞ്ചരിച്ചു; എട്ടു മണിക്കൂറിനുള്ളില്‍ 10 കിലോമീറ്ററേ അവര്‍ സഞ്ചരിച്ചുള്ളൂ- ഇപ്പറയുന്നതും അവിശ്വസനീയമാണ്. വെടിയുതിര്‍ത്ത പോലിസുകാര്‍ക്ക് എങ്ങനെ കത്തി കൊണ്ടു മുറിവേറ്റു?
കൊല്ലപ്പെട്ട ചിലരുടെ കുടുംബങ്ങള്‍ക്കു വേണ്ടി ഹാജരായ അഡ്വ. പര്‍വേസ് ആലം, പോലിസിന്റെയും ജയില്‍ അധികൃതരുടെയും പക്കലുള്ള രേഖകളും തെളിവുകളും പരിശോധിക്കാന്‍ തങ്ങള്‍ക്ക് അവസരം ലഭിച്ചില്ലെന്നു പറയുന്നു. ജസ്റ്റിസ് പാണ്ഡെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങള്‍, അവരാരും സംഭവത്തിനു സാക്ഷികളായിരുന്നില്ല എന്നു പറഞ്ഞു തിരസ്‌കരിക്കുകയായിരുന്നു. ഏറ്റുമുട്ടലിനു ശേഷം ബന്ധപ്പെട്ട പോലിസ് സ്‌റ്റേഷനില്‍ തയ്യാറാക്കിയ എഫ്‌ഐആര്‍ പോലും അഭിഭാഷകരെ കാണിക്കുകയുണ്ടായില്ല. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിന്റെയും സ്ഥിതി അതായിരുന്നു.
പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടുകള്‍ പ്രകാരം കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍ അടുത്തുവച്ചു വെടിയേറ്റതിന്റെ മുറിവുകളാണ് ഉണ്ടായിരുന്നതെന്നു പിന്നീട് ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ചെറിയ കാലിബറുള്ള തോക്കുകള്‍ ഉപയോഗിച്ചാല്‍ ഉണ്ടാവുന്ന ചെറിയ മുറിവുകള്‍. എന്നാല്‍, പോലിസ് പറയുന്നതോ, തങ്ങള്‍ എകെ 47 പോലുള്ള തോക്കുകള്‍ ഉപയോഗിച്ചുവെന്നാണ്.
മാത്രമല്ല, മരണപ്പെട്ടവരുടെ നെഞ്ചിന്റെ ഇടതുവശത്തും തലയ്ക്കുമാണ് വെടിയേറ്റത്. അവരെ ജീവനോടെ പിടികൂടുക ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നു വ്യക്തം. അരയ്ക്കു മുകളില്‍ വെടിവയ്ക്കരുതെന്ന സുപ്രിംകോടതി വിധിയുടെ ലംഘനമായിരുന്നു അത്. പര്‍വേസ് ആലം മറ്റൊന്നുകൂടി ചൂണ്ടിക്കാട്ടുന്നു- ജയില്‍ ചാടിയവര്‍ പുതിയ ഉടുപ്പും ഷൂസുമാണ് ധരിച്ചിരുന്നത്!   ി

(ദ വയര്‍)

RELATED STORIES

Share it
Top