അങ്കമാലി ബ്ലോക്ക് പഞ്ചായത്ത്പഴം, പച്ചക്കറി കയറ്റുമതിക്ക് ഒരുങ്ങുന്നു

അങ്കമാലി: മേഖലയിലെ കാര്‍ഷിക രംഗത്ത് പുത്തന്‍ ഉണര്‍വ്വ് പ്രദാനം ചെയ്തുകൊണ്ട് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പഴം, പച്ചക്കറി കയറ്റുമതിക്ക് ഒരുങ്ങുന്നു. സംസ്ഥാന കൃഷിവകുപ്പ്, വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍, വ്യവസായവകുപ്പ്, കര്‍ഷകസ്വാശ്രയ വിപണികള്‍ തുടങ്ങിയ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണിത്.
അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്ത് വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴില്‍ ആനപ്പാറ, മൂക്കന്നൂര്‍, മലയാറ്റൂര്‍ അമലാപുരം, കാഞ്ഞൂര്‍ എന്നിവിടങ്ങളില്‍ സ്വാശ്രയ കര്‍ഷകവിപണികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആയിരത്തില്‍പരം കൃഷിക്കാര്‍ അംഗങ്ങളാണ്.
പഴം, പച്ചക്കറി ഉല്‍പാദന വിപണനരംഗത്ത് സജീവമായി ഇടപെടുന്ന ഈ വിപണികളില്‍ മൂവായിരത്തില്‍പരം കര്‍ഷകരുടെ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ആഴ്ചതോറും നടന്നു വരുന്നു. വളരെ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന വിപണികളിലെല്ലാംകൂടി പ്രതിവര്‍ഷം 9 കോടി രൂപയുടെ വിറ്റ് വരവുണ്ട്. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് ഇടനിലക്കാരെ ഒഴിവാക്കി മികച്ച വില ലഭ്യമാക്കുന്നതിന് വിപണികള്‍ക്ക് സാധിക്കുന്നുണ്ട്.
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമീപത്തുള്ള ഈ വിപണികളെ ബന്ധിപ്പിച്ച് ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് പഴം, പച്ചക്കറി കയറ്റുമതി ചെയ്യുന്നതിനാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി തയ്യാറാക്കുന്നത്.
ഇതിന്റെ ഭാഗമായി വിപണികളില്‍ ആവശ്യമുള്ള സംഭരണ ശാലകള്‍ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിവിഹിതം ഉപയോഗിച്ച് നിര്‍മിച്ച് നല്‍കും. പഴവും പച്ചക്കറികളും കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള ശീതീകരണികളും പഴം പച്ചക്കറികളില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള ആധുനിക യന്ത്രസാമഗ്രികളും വിപണികളില്‍ ആധുനിക മാലിന്യസംസ്‌കരണ സംവിധാനങ്ങളും ബ്ലോക്ക് പഞ്ചായത്ത് ലഭ്യമാക്കും.
പദ്ധതിയുടെ രൂപീകരണത്തിനായി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ശില്‍പശാല പ്രസിഡന്റ് പി ടി പോള്‍ ഉദ്ഘാടനം ചെയ്തു.
വികസന സ്ഥിരം സമിതി ചെയര്‍മാന്‍ ടി എം വര്‍ഗീസ് അധ്യക്ഷത വഹിച്ചു. തുറവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ വൈ വര്‍ഗീസ്, കാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ്് എം പി ലോനപ്പന്‍, മൂക്കന്നൂര്‍ പഞ്ചായത്ത് വികസനസ്ഥിരം സമിതി അധ്യക്ഷന്‍ ലീലാമ്മ പോള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ പി അയ്യപ്പന്‍, ഗ്രേസി റാഫേല്‍, റെന്നി ജോസ്, വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സില്‍ ജില്ലാ മാനേജര്‍ എസ് മഞ്ജുഷ, മാര്‍ക്കറ്റിങ് മാനേജര്‍ ആല്‍ഫ്രഡ് സോണി ജോസ്, കൃഷി വകുപ്പ് അസിസ്റ്റന്റ്് ഡയറക്ടര്‍ ഫിലിപ്പ് വര്‍ഗീസ്, വ്യവസായ വികസന ഓഫീസര്‍ പി വി സുനിത എന്നിവരും സ്വാശ്രയ കര്‍ഷകവിപണി ഭാരവാഹികളും വിവിധ കര്‍ഷകസംഘടനാ ഭാരവാഹികളും പങ്കെടുത്തു.

RELATED STORIES

Share it
Top