അങ്കമാലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ അപകടക്കുഴികള്‍

അങ്കമാലി: കെഎസ്ആര്‍ടിസിയെ രക്ഷിക്കുവാന്‍ എന്ന പേരില്‍ കേരളത്തില്‍ ആദ്യമായി ബിഒടി അടിസ്ഥാനത്തില്‍ ഷോപ്പിങ് കോപ്ലക്‌സ് പണികഴിപ്പിച്ച് ഭൂരിഭാഗവും വെറുതെ കിടക്കുന്ന അങ്കമാലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന യാത്രകാര്‍ക്ക് അപകട ഭീഷണിയാവുന്നു.
ദേശീയപാതയും എം സി റോഡും സംഗമിക്കുന്ന കേരളത്തിന്റെ മധ്യഭാഗമായ അങ്കമാലിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കെഎസ്ആര്‍ടിസി സ്റ്റാന്റിലെ ബസ് നിര്‍ത്തുന്ന ഗ്രൗണ്ടില്‍ രുപം കൊണ്ടിട്ടുള്ള അപകടക്കുഴികളാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നത്.
രാത്രികാലങ്ങളില്‍ എത്തുന്ന അതിവേഗ സര്‍വീസുകളാണ് അപകടത്തില്‍പെടാനുള്ള സാധ്യത കൂടുതലും.   ആറ് വര്‍ഷം മുന്‍പാണ് അങ്കമാലി കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷന്‍ കം ഷോപ്പിങ് കോംപ്ലക്‌സ് ഇന്നത്തെ നിലയില്‍ പുതുക്കിപ്പണിതതിനു ശേഷം പ്രവര്‍ത്തനം ആരംഭിച്ചത്. ബസ് സ്റ്റാന്റില്‍ ബസ് നിര്‍ത്തുന്നതിനുള്ള ഗ്രൗണ്ടില്‍ വിരിച്ച ടൈല്‍ ഇളകിയും നിരപ്പില്‍ നിന്നും താഴേക്ക് ഇരുന്നുമാണ് കുഴികള്‍ രൂപപ്പെട്ടിട്ടുള്ളത്. സ്റ്റാന്റ് പുതുക്കിപ്പണിതതിനു ശേഷം കാര്യമായ അറ്റകുറ്റപ്പണികളും നടന്നിട്ടില്ല. ഒരാഴ്ച മുന്‍പാണ് സ്റ്റാന്റിലെ വെള്ള കുഴിയില്‍ യാത്രക്കാരിയായ അമ്മയും കുഞ്ഞും വീണ് അപകടം സംഭവിച്ചത്.
സ്റ്റാന്റിലേക്ക് പ്രേവേശിക്കുന്ന ബസ് ഗ്രൗണ്ടിലൂടെ കറങ്ങിയാണ് യാത്രക്കാരെ കയറ്റാനും ഇറക്കാനും നിര്‍ത്തുന്നത്. ബസ് കറങ്ങി എത്തുന്ന വഴിയിലാണ് കുഴികളത്രയും. വളവില്‍ ഡ്രൈവറുടെ ഒരു ചെറിയ ശ്രദ്ധക്കുറവ് പോലും ബസ് മറിയാന്‍ കാരണമാകും. നല്ല മഴപെയ്താല്‍ കുഴികളില്‍ വെള്ളം നിറയും .കുഴിയുടെ ആഴം മനസിലാക്കാന്‍ െ്രെഡവര്‍ക്ക്കഴിയാതെ വരും. രാത്രിയില്‍ വെളിച്ചവും കുറവാണ്. വൈദ്യുതികൂടി നിലച്ചാല്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകും. അടിയന്തിരമായി കുഴി നികത്താന്‍ കെഎസ്ആര്‍ടിസി നടപടി എടുക്കണം. അതീവ അപകടകരമായ കുഴി നിരപ്പാക്കുകയോ ഇളകിയ ടൈല്‍ അടിയന്തിരമായി മാറ്റുകയോ വേണം.

RELATED STORIES

Share it
Top