അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടില്‍ കോടികളുടെ അഴിമതിയെന്ന് ആക്ഷേപം

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടന്ന ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട് അടുത്തിടെ പുറത്തുവന്ന കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പിനെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് കേരള കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനം (കെസിആര്‍എം) ഭാരവാഹികള്‍. ഈ കുംഭകോണത്തിന്റെ ധാര്‍മിക ഉത്തരവാദിത്തമേറ്റെടുത്ത് മേജര്‍ ആര്‍ച്ച് ബിഷപ് രാജിവയ്ക്കണമെന്നു അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഇസ്‌ലാംമത സ്ഥാപനങ്ങള്‍ക്കായി വഖ്ഫ് നിയമങ്ങളും ഹൈന്ദവ സ്ഥാപനങ്ങള്‍ക്കായി ദേവസ്വം നിയമങ്ങളുമുണ്ട്. ക്രൈസ്തവ മത സ്ഥാപനങ്ങളുടെ സ്വത്തുവകകള്‍ മെത്രാന്‍മാരുടെ സ്വകാര്യ സ്വത്താണ്. സഭയുടെ സമ്പത്ത് വിശ്വാസികളുടെ ചോരയുടെയും വിയര്‍പ്പിന്റെയും ആകെത്തുകയായതിനാല്‍ സഭാസമൂഹത്തെ ഈ ദുരവസ്ഥയില്‍നിന്നു മോചിപ്പിക്കുന്നതിനാണ് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ കമ്മീഷന്‍ ചര്‍ച്ച് ആക്റ്റ് ശുപാര്‍ശ ചെയ്തത്. ശുപാര്‍ശ നല്‍കി എട്ടുവര്‍ഷം പിന്നിടുമ്പോഴും ഈ ശുപാര്‍ശകള്‍ക്കുമേല്‍ സര്‍ക്കാര്‍ അടയിരിക്കുകയാണെന്ന് ഭാരവാഹികള്‍ ആരോപിച്ചു.
മറ്റു മതങ്ങളെ നിയന്ത്രിക്കാന്‍ കാണിക്കുന്ന താല്‍പര്യം ക്രൈസ്തവരുടെ കാര്യത്തില്‍ സര്‍ക്കാരില്‍നിന്ന് ഉണ്ടാവുന്നില്ല. ഇരുമുന്നണികളുടെയും നിലപാടുകളില്‍ കാര്യമായ മാറ്റമില്ല. വിശ്വാസികളുടെ ആവശ്യമായി ഉയര്‍ന്നുവന്നാല്‍ ചര്‍ച്ച് ആക്റ്റിനെക്കുറിച്ചാലോചിക്കാമെന്ന നിലപാടാണ് ഇപ്പോഴത്തെ സര്‍ക്കാരിനുള്ളത്. ചര്‍ച്ച് ബില്ല് വരുമോ എന്നു ഭയന്ന് സഭയുടെ സ്വത്തുവകകള്‍ വിറ്റുതീര്‍ക്കുകയാണെന്നും സംശയിക്കേണ്ട സ്ഥിതിയാണ്. ഈ അഴിമതി ചോദ്യംചെയ്യാന്‍ സഭയ്ക്കുള്ളിലോ പുറത്തോ നിയമസംവിധാനങ്ങളില്ല. മാമോദീസ, വിവാഹം, മരണം, പഠനം തുടങ്ങിയ ആവശ്യങ്ങളുള്ളതിനാല്‍ ഈ കൊള്ളരുതായമക ള്‍ക്കെതിരേ പ്രതികരിക്കാന്‍ വിശ്വാസികള്‍ ഭയക്കുന്നു. കാനോന്‍ നിയമം മുന്‍നിര്‍ത്തിയാണ് സഭാ നടപടികളെന്നാണ് പറയാറ്.  എന്നാല്‍, അങ്കമാലി അതിരൂപതയില്‍ കാനോന്‍ നിയമംപോലും പാലിക്കപ്പെട്ടിട്ടില്ല.
മാധ്യമങ്ങള്‍പോലും സഭയ്‌ക്കെതിരായ വാര്‍ത്തകള്‍ മുക്കുന്ന സ്ഥിതിയാണെന്നും കെസിആര്‍എം ആരോപിച്ചു. ഈ സാഹചര്യത്തിലാണ് പ്രക്ഷോഭത്തിനിറങ്ങുന്നതെന്നും നേതാക്കള്‍ വിശദീകരിച്ചു.
വിശ്വാസികളെ ബോധവല്‍ക്കരിക്കുകയെന്നതു മാത്രമാണ് ക്രൈസ്തവ സഭകളുടെ കൊള്ള അവസാനിപ്പിക്കാനുള്ള ഏക പോംവഴി. അതിരൂപതയിലെ വൈദികര്‍ക്കിടയില്‍ ഈ തട്ടിപ്പുകള്‍ക്കെതിരേ വലിയ അമര്‍ഷം ഉയര്‍ന്നുവന്നതിനാല്‍ മാത്രമാണ് ഈ വന്‍ തട്ടിപ്പ് പുറത്തുവന്നത്. അതിരൂപതയുടെ കീഴിലുള്ള അപ്രൈസല്‍ കമ്മിറ്റി നിശ്ചയിച്ച വിലപോലും ഭൂമിക്ക് കിട്ടിയിട്ടില്ല. അതിനാല്‍, പ്രഥമദൃഷ്ട്യാതന്നെ ഇടപാടില്‍ അഴിമതിയുണ്ടെന്നത് വ്യക്തമായിരിക്കുകയാണ്. ഈ തട്ടിപ്പ് അനേഷിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് ജനുവരി ആറിന് കെസിആര്‍എമ്മിന്റെ നേതൃത്വത്തില്‍ സെന്റ് മേരീസ് ബസലിക്കയ്ക്ക് സമീപം മേജര്‍ ആര്‍ച്ച് ബിഷപ് ഹൗസിനു മുന്നില്‍ പ്രാര്‍ഥനാ ധര്‍ണ നടത്തും. പ്രസിഡന്റ്് സി വി സെബാസ്റ്റ്യന്‍, സെക്രട്ടറി ഷാജു തറപ്പേല്‍, സത്യജാലകം എഡിറ്റര്‍ ജോര്‍ജ് മൂലേച്ചാലില്‍, ജോയിന്റ് സെക്രട്ടറി ഡോ. ജോസഫ് വര്‍ഗീസ്, ലീഗല്‍ അഡൈ്വസര്‍ ഇന്ദുലേഖ ജോസഫ്  വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top