അങ്കണവാടി വസ്തുവില്‍ പൊതു കുഴല്‍ കിണര്‍ സ്ഥാപിക്കാന്‍ ശ്രമം

ചവറ: അങ്കണവാടി സ്ഥിതി ചെയ്യുന്ന  വസ്തുവില്‍ പൊതു കുഴല്‍ കിണര്‍ സ്ഥാപിക്കാന്‍ ശ്രമം നടത്തുന്നതായി പരാതി. കുഴല്‍ കിണര്‍ സ്ഥാപിക്കുന്നതിനെതിരേ രക്ഷിതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്ത്. സ്വന്തമായിട്ടുള്ള അഞ്ച് സെന്റ്  വസ്തുവിലാണ് പഴഞ്ഞിക്കാവ് വാര്‍ഡിലെ 137ാം നമ്പര്‍ അങ്കണവാടി സ്ഥിതി ചെയ്യുന്നത്. ബാലവാടിയുടെ പ്രവര്‍ത്തനത്തിനു മാത്രമായി തട്ടാശ്ശേരി ചന്ദ്രശേഖരന്‍ പിള്ള എന്ന ആളാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വസ്തു സംഭാവനയായി നല്‍കിയത്. തുടര്‍ന്ന് 1979 മുതല്‍ അങ്കണവാടി ഇവിടെ പ്രവര്‍ത്തിച്ചു വരികയാണ്. 2016ല്‍ അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടക്കുകയും ചെയ്തു. ഇപ്പോള്‍  ഇവിടെ 18 കുട്ടികള്‍ ഉണ്ട്. കെട്ടിടത്തിന്റെ മുന്‍വശത്തായിട്ടുള്ള കിണറിന് സമീപമായിട്ടാണ് കുഴല്‍ കിണര്‍ സ്ഥാപിക്കാന്‍ ശ്രമം തുടങ്ങിയിരിക്കുന്നത്. കുഴല്‍ കിണര്‍ വന്നാല്‍ കുട്ടികള്‍ക്ക് കളിക്കാനുള്ള സൗകര്യം ഇല്ലാതാകും. ഉള്ള സ്ഥലത്ത് കുട്ടികള്‍ക്കായുള്ള ചില പദ്ധതികള്‍ നടപ്പിലാക്കണമെന്നാവശ്യം നിലനില്‍ക്കുന്നുണ്ട്. നിലവിലുള്ള കിണര്‍ വൃത്തിയാക്കിയാല്‍ നല്ലതുപോലെ ഉപയോഗിക്കാന്‍ സാധിക്കുമെന്ന് രക്ഷിതാക്കളും നാട്ടുകാരും പറയുന്നു. എന്നാല്‍ ഐ സി ഡി സി യുടെ അധീനതയിലുള്ള വസ്തുവില്‍ കുഴല്‍ കിണര്‍ സ്ഥാപിക്കാനുള്ള അനുവാദം ആര്‍ക്കും നല്‍കിയിട്ടില്ലായെന്നാണ് അധികൃതര്‍ പറയുന്നത്. പുതിയ കെട്ടിടത്തില്‍ വൈദ്യുതി ലഭ്യമാക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ വയറിങ് നടന്നുകൊണ്ടിരിക്കുകയാണ്.

RELATED STORIES

Share it
Top