അങ്കണവാടി ജീവനക്കാര്‍ക്ക് പുതിയ യൂനിഫോം3.97 കോടിയുടെ പദ്ധതിക്ക് കരാര്‍

തിരുവനന്തപുരം: വനിതാ-ശിശു വികസന വകുപ്പിന്റെ അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് പുതിയ യൂനിഫോം സൗജന്യമായി വിതരണം ചെയ്യുന്നതിനു കരാറായി. സംസ്ഥാനത്തെ 33,115 അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും 32,986 അങ്കണവാടി ഹെല്‍പര്‍മാര്‍ക്കും ഒരു യൂനിഫോമിന് 300 രൂപ വച്ച് രണ്ട് സെറ്റ് നല്‍കുന്നതാണു പദ്ധതി. 3,96,60,600 രൂപയാണു പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷമുണ്ടായിരുന്ന ഓവര്‍കോട്ട് മാറ്റിയാണ് പ്രത്യേകം രൂപകല്‍പന ചെയ്ത സാരി യൂനിഫോമാക്കിയത്. അങ്കണവാടി ജീവനക്കാര്‍ക്കിടയില്‍ മല്‍സരം നടത്തി അതില്‍ ഏറ്റവും മികച്ച ഡിസൈനാണ് യൂനിഫോമിനായി തിരഞ്ഞെടുത്തത്. അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് സ്വര്‍ണ നിറത്തില്‍ ചുവപ്പ് ബോര്‍ഡറുള്ള സാരിയും ഹെല്‍പര്‍മാര്‍ക്ക് ആകാശനീലയില്‍ വയലറ്റ് ബോര്‍ഡറുള്ള സാരിയുമാണ് യൂനിഫോം.
ഐസിഡിഎസിന്റെ ലോഗോയും സാരിയില്‍ പതിച്ചിട്ടുണ്ട്. യൂനിഫോം വാങ്ങാനുള്ള കരാര്‍ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രീസ് എന്റര്‍പ്രൈസസ് ലിമിറ്റഡ് കരസ്ഥമാക്കി. സാമൂഹികനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐഎഎസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിപാര്‍ട്ട്‌മെന്റ് പര്‍ച്ചേസ് കമ്മിറ്റി യോഗത്തിലാണ് ടെന്‍ഡര്‍ അംഗീകരിച്ച് തീരുമാനമെടുത്തത്. 3,96,60,600 രൂപ അടങ്കല്‍ നിശ്ചയിച്ചാണ് ഇ-ടെന്‍ഡര്‍ മുഖേന നല്‍കുന്നതിന് വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടര്‍ അപേക്ഷ ക്ഷണിച്ചത്.
ഇന്ത്യയിലെ 13 പ്രമുഖ കമ്പനികള്‍ ടെന്‍ഡര്‍ നല്‍കി. ഇഎംഡി തുക സമര്‍പ്പിക്കാത്തതിനാലും തുണിയുടെ സാംപിള്‍ സമര്‍പ്പിക്കാത്തതിനാലും രണ്ടു കമ്പനികളെ പട്ടികയില്‍നിന്ന് ഒഴിവാക്കി. 11 കമ്പനികള്‍ നല്‍കിയ സാംപിളുകള്‍ ടെക്‌നിക്കല്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരം ലാബ് ടെസ്റ്റിന് അയച്ചു. ടെക്‌നിക്കല്‍ യോഗ്യത നേടിയ ആറു കമ്പനികളില്‍ നിന്ന് ഫിനാന്‍ഷ്യല്‍ ബിഡില്‍ ഏറ്റവും കുറഞ്ഞ തുകയായ 3,09,55,098.30 രൂപ ക്വാട്ട് ചെയ്ത കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രീസ് എന്റര്‍പ്രൈസസിന്റെ ടെന്‍ഡറാണ് നിബന്ധനകളോടെ അംഗീകരിച്ചത്.
258 പ്രൊജക്റ്റുകളിലെയും ഓരോ സാംപിള്‍ നല്‍കിയ ശേഷം മാത്രമേ വസ്ത്രവിതരണം തുടങ്ങാന്‍ പാടുള്ളൂവെന്നും ഏതെങ്കിലും തരത്തിലുള്ള പരാതികള്‍ വരുകയാണെങ്കില്‍ സാംപിളുകള്‍ തമ്മില്‍ ഒത്തുനോക്കേണ്ടതാണെന്നും നിബന്ധനയുണ്ട്.
സിഡിപിഒമാരും ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരും റാന്‍ഡമായി പരിശോധന നടത്തി വസ്ത്രത്തിന്റെ ഗുണമേന്മയില്‍ വ്യത്യാസമിെല്ലന്ന് ഉറപ്പുവരുത്തും.

RELATED STORIES

Share it
Top