അങ്കണവാടികളുടെ പോരായ്മ; സോഷ്യല്‍ ഓഡിറ്റിങ് തുടങ്ങി

ഇരിട്ടി: അങ്കണവാടികളുടെ സേവനങ്ങളെ കുറിച്ച് ഗുണഭോക്താക്കളിലും പൊതുജനങ്ങളിലും അവബോധമുണ്ടാക്കാനും പോരായ്മകള്‍ കണ്ടെത്താനുമായി സാമിഹിക നീതി വകുപ്പിന്റെ നിര്‍ദേശ പ്രകാരം സോഷ്യല്‍ ഓഡിറ്റിങിനു തുടക്കമായി. സംസ്ഥാനത്തെ മുഴുവന്‍ അങ്കണവാടികളിലും തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിക്കു കീഴിലാണ് ഓഡിറ്റ് നടക്കുന്നത്. അങ്കണവാടികളിലൂടെ നല്‍കുന്ന സേവനങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് സാമുഹിക കണക്കെടുപ്പിലൂടെ പ്രശ്‌നം കണ്ടെത്തി പരിഹരിക്കാന്‍ തുടക്കം കുറിച്ചത്. അങ്കണവാടികള്‍ ഉള്‍ക്കൊള്ളുന്ന പഞ്ചായത്ത് ഭരണസമിതിയംഗം, കുടുംബശ്രീ എഡിഎസ് അധ്യക്ഷ, അങ്കണവാടി മോണിറ്ററിങ് ആന്റ് സപോര്‍ട്ട് കമ്മിറ്റി അംഗം, കൗമാരപ്രായത്തിലുള്ള ഒരു പെണ്‍കുട്ടി, അങ്കണവാടിയിലെ കുട്ടിയുടെ മാതാവ്, ആശാ വര്‍കര്‍, ട്രൈബല്‍ പ്രമോട്ടര്‍, റിട്ട. സര്‍ക്കാര്‍ ജീവനക്കാരന്‍ എന്നിവരടങ്ങുന്ന ഓഡിറ്റിങ് ടീമാണ് പരിശോധന നടത്തുന്നത്. പരിശോധനയുടെ ഭാഗമായി ഇവര്‍ക്ക് പഞ്ചായത്ത് തലത്തില്‍ നേരത്തേ പരിശീലനം നല്‍കിയിരുന്നു. അങ്കണവാടികളില്‍നിന്നും മറ്റും കമ്മിറ്റി മുമ്പാകെ ലഭിച്ച പരാതികളും നിര്‍ദേശങ്ങളും മറ്റും ഓഡിറ്റ് ടീം പഞ്ചായത്ത് ഐസിഡിഎസ് സുപര്‍വൈസര്‍ക്ക് കൈമാറും. തുടര്‍ന്ന് വാര്‍ഡ് സഭയില്‍ ചര്‍ച്ചയ്ക്കു വച്ച ശേഷം പരിഹാര നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറും. ഇരിട്ടി ബ്ലോക്കിലെ 125 അങ്കണവാടികളില്‍ 120 അങ്കണവാടികളുടെയും ഓഡിറ്റിങ് ഇതിനകം പൂര്‍ത്തിയായി. തില്ലങ്കേരി പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ വാഴക്കാല്‍, പാറേങ്ങാട് അങ്കണവാടികളില്‍ നടന്ന ഓഡിറ്റിങിന് പഞ്ചായത്തംഗം യൂ സി നാരായണന്‍, വി ഗോപാലന്‍, എം പി ലീന, മണികര്‍ണിക, കെ കെ ഷൈലജ, കെ രമിഷ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top