അങ്കണവാടികളില്‍ സോളാര്‍ വൈദ്യുതീകരണം; 75 ലക്ഷം അനുവദിച്ചു: എംഎല്‍എ

വടക്കാഞ്ചേരി: നിയോജകമണ്ഡലത്തിലെ സ്വന്തമായി കെട്ടിടമുള്ള 266 അങ്കനവാടികളില്‍ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് സോളാര്‍ വൈദ്യുതീകരണം നടപ്പിലാക്കുന്നതിന് 75 ലക്ഷം രൂപ അനുവദിച്ചതായി അനില്‍ അക്കര എംഎല്‍എ അറിയിച്ചു. വടക്കാഞ്ചേരി നഗരസഭ, തെക്കുംകര, മുളങ്കുന്നത്തുകാവ്, കോലഴി, അവണൂര്‍, കൈപ്പറമ്പ്, തോളൂര്‍, അടാട്ട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ അങ്കനവാടി കെട്ടിടങ്ങളിലാണ് നാല് 18 വാട്ടിന്റെ എല്‍ഇഡി വിളക്കുകളും, പരമാവധി കാറ്റ് ലഭിക്കുന്ന രണ്ട് ഫാനും സോളാര്‍ സംവിധാനം ഉപയോഗിച്ച് നടപ്പിലാക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള അനര്‍ട്ടിനാണ് പദ്ധതിയുടെ നിര്‍വ്വഹണ ചുമതല. 2018 ആഗസ്ത് മാസത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കും.നിലവിലുള്ള കെഎസ്ഇബി വൈദ്യുതി കണക്ഷന്‍ നിലനിര്‍ത്തി സമാന്തര വയറിംഗ് നടത്തിയായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. വിളക്ക്, ബാറ്ററി, സോളാര്‍ പാനല്‍ തുടങ്ങിയ മുഴുവന്‍ ഉപകരണങ്ങള്‍ക്കും 5 വര്‍ഷത്തെ ഗാരണ്ടിയും സൗജന്യ സര്‍വ്വീസും ഉറപ്പ് വരുത്തുമെന്നും അനില്‍ അക്കര എംഎല്‍എ അറിയിച്ചു.മണ്ഡലത്തിലെ തെരുവ് വിളക്കുകള്‍ പൂര്‍ണ്ണമായും എല്‍ഇഡി ആക്കി മാറ്റുന്നതിന്റെ ഭാഗമായി അടാട്ട്, കോലഴി ഗ്രാമപഞ്ചായത്തുകളും തൃശൂര്‍ മെഡിക്കല്‍ കോളേജും കെഎസ്ഇബിയുമായി കരാര്‍ ഉടമ്പടിയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഗ്രാമപഞ്ചായത്തിലെ പിഡബ്ല്യൂഡി റോഡുകളിലും മെഡിക്കല്‍ കോളജിനകത്തെ റോഡിലും 40 വാട്ടിന്റെ എല്‍ഇഡി വിളക്കുകളും ഗ്രാമപഞ്ചായത്ത് റോഡുകളില്‍ 35 വാട്ടിന്റെ എല്‍ഇഡി വിളക്കുകളുമാണ് സ്ഥാപിക്കുന്നത്. മണ്ഡലത്തിലെ വടക്കാഞ്ചേരി നഗരസഭ, തെക്കുംകര, മുളങ്കുന്നത്തുകാവ്, കൈപ്പറമ്പ്, അവണൂര്‍, തോളൂര്‍ എന്നീ പഞ്ചായത്തുകള്‍ കരാര്‍ ഉടമ്പടിയില്‍ ഒപ്പ് വയ്ക്കുന്ന മുറയ്ക്ക് ഇവിടങ്ങളിലും ഈ സാമ്പത്തിക വര്‍ഷം തന്നെ പദ്ധതി നടപ്പിലാക്കും. ഈ വിളക്കുകള്‍ക്ക് 5 വര്‍ഷത്തെ വാറണ്ടിയുണ്ട്. സംസ്ഥാന ധനകാര്യ വകുപ്പുമന്ത്രി തോമസ് ഐസക്കിന്റെ പ്രത്യേക താല്‍പ്പര്യപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ കരാര്‍ ഉടമ്പടിയില്‍ ഒപ്പ് വയ്ക്കാത്ത പഞ്ചായത്തുകള്‍ അടിയന്തിരമായും പദ്ധതി നടപ്പിലാക്കുന്നതിന് സഹകരിക്കണമെന്നും അനില്‍ അക്കര എം.എല്‍.എ അറിയിച്ചു.

RELATED STORIES

Share it
Top