അങ്കണവാടികളിലെ പോഷകാഹാര വിതരണത്തില്‍ അഴിമതി: സിപിഐ

വള്ളുവമ്പ്രം: അംഗന്‍വാടികളില്‍ വിതരണം ചെയ്യുന്ന പോഷകാഹാര വിതരണത്തില്‍ അഴിമതി നടന്നതായി സിപിഐ വള്ളുവമ്പ്രം ബ്രാഞ്ച് കമ്മിറ്റി ആരോപിച്ചു. പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്തില്‍  പോഷാകാഹാരം വിതരണം നടത്തിയിരുന്നു.  ഏകദേശം 9 ലക്ഷത്തിനടുത്ത് ഓഡിറ്റ് ഓബ്ജക്ഷന്‍  ഇവരുടെ പേരില്‍ കണ്ടെത്തുകയും ചെയ്ത പ്രിയം ഫുഡ്‌സ് ആന്റ് കോണ്ടിമെന്റസ് എന്ന കമ്പനിക്ക് തന്നെ പോഷാകാഹാര വിതരണത്തിന് അനുമതി നല്‍കിയതില്‍ പഞ്ചായത്ത് ഭരണ സമിതിയും പ്രതിപക്ഷത്തുള്ള ചില മെമ്പര്‍മാരും പ്രിയം കമ്പനിയില്‍ നിന്നും വന്‍ സംഖ്യ കൈക്കൂലിയായി സ്വീകരിച്ചുവെന്നാണ് ആരോപണം.
എന്നാല്‍ ഇതിന് കൂട്ടുനില്‍ക്കാതെ മാവേലി സ്റ്റോറില്‍ നിന്നും സാധനങ്ങള്‍ വാങ്ങിക്കണമെന്നു പറഞ്ഞ ഐസിഡിഎസ്  സൂപ്പര്‍വൈസറെ പഞ്ചായത്ത് പ്രസിഡന്റും പ്രതിപക്ഷത്തുള്ള ചില മെമ്പര്‍മാരും നിരന്തരം ഫോണില്‍ ഭീഷണിപ്പെടുത്തുകയാണ്. ഇവരുടെ ഭീഷണി കാരണം ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ലീവെടുത്തിരിക്കുകയാണ്.  അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിനാല്‍ ഐസിഡിഎസ് സൂപ്പര്‍വൈസറെ സമൂഹമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തില്‍ യോഗം പ്രതിഷേധിച്ചു. ഇതിനെതിരെ വകുപ്പ് മന്ത്രിക്കും ജില്ലാ ഐസിഡിഎസ് ഓഫിസര്‍ക്കും പരാതി നല്‍കാനും യോഗം തീരുമാനിച്ചു. മുക്കന്‍ അബ്ദുല്‍ റസാഖ്, രതീശ് കക്കാടമ്മല്‍, ബൈജു ചോയക്കാട് എന്നിവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top