അഗ്‌നിശമന സേനയുടെ കാറ്റഗറി മാറ്റിയത് ഭരണപരമായ നടപടി: എയര്‍പോര്‍ട്ട് അതോറിറ്റി

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്‌നിശമന സേനയുടെ കാറ്റഗറി മാറ്റിയതു ഭരണപരമായ നടപടി മാത്രമാണെന്നു എയര്‍പോര്‍ട്ട് അതോറിറ്റി. കരിപ്പൂരിന്റെ സാമ്പത്തിക ലാഭം വര്‍ധിപ്പിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ആര്‍ആര്‍എഫ് കാറ്റഗറി എട്ടി ല്‍ നിന്നും ഏഴാക്കി മാറ്റിയതെന്നു വിമാനത്താവള ഡയറക്ടറുടെ ചുമതലയുള്ള സിഎന്‍എസ് ജോ. ജനറല്‍ മാനേജര്‍ എ ഹരിദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.    കരിപ്പൂരില്‍ നിലവില്‍ സര്‍വീസ് നടത്തുന്നവയില്‍ വലിയ വിമാനം കോഡ്-സിയില്‍ ഉള്‍പ്പെടുന്ന എ 321, ബി 737-800 എന്നിവയാണ്. കോഡ് ഡിയില്‍ ഉള്‍പ്പെടുന്ന വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ നിന്നു സര്‍വീസ് നടത്താമെങ്കിലും നിലവില്‍ സര്‍വീസില്ല. കാരണം ഈ വിഭാഗത്തില്‍ വരുന്നവ ബി 767, ബി 757, എ 300, എ 310 എന്നിവ കൂടുതലായും ഉപയോഗിക്കുന്നത് കാര്‍ഗോ ആവശ്യങ്ങള്‍ക്കാണ്. വിവിധ വിഷയങ്ങള്‍ പരിശോധിച്ചാണു കോഡ് നിശ്ചയിക്കുന്നത്. ഇപ്രകാരം കരിപ്പൂര്‍ 4 ഡിയാണ്. ഇന്റര്‍നാഷനല്‍ സിവി ല്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ (ഐസിഎഒ) മാനദണ്ഡമനുസരിച്ച് അഗ്നിശമന സേനയ്ക്ക് കാറ്റഗറി ഏഴ് മതി. നിലവിലുള്ള ഫയര്‍ എന്‍ജിനുകളോ, ആംബുലന്‍സോ ഒന്നും ഇവിടെ നിന്നു മാറ്റില്ല. കോഡ് ഇയില്‍ ഉള്‍പ്പെടുന്ന വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തിയ സമയത്ത് ആര്‍ആര്‍എഫ് കാറ്റഗറി ഒമ്പതായിരുന്നു. ഈ വിമാനങ്ങള്‍ വീണ്ടും സര്‍വീസ് നടത്തുന്ന സമയത്ത് കാറ്റഗറി ഒമ്പതിലേക്ക് മാറ്റാന്‍ സാധിക്കും. എടിസി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആന്റ് സേഫ്റ്റി ഓഫിസര്‍ എം വി സുനില്‍, ജോ. ജനറല്‍ മാനേജര്‍ എസ് വി രാജേഷ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top