അഗ്നിശമനസേനയുടെ അംബുലന്‍സിന് ശാപമോക്ഷം

പൊന്നാനി: ഫിറ്റ്‌നസ് പുതുക്കാന്‍ പണം അനുവദിക്കാതിരുന്നതിനാല്‍ കട്ടപ്പുറത്തായിരുന്ന പൊന്നാനി അഗ്നിശമനസേനയുടെ ആംബൂലന്‍സിന് ശാപമോക്ഷം. ഫിറ്റ്‌നസ് പുതുക്കാനുള്ള മുപ്പതിനായിരത്തോളം രൂപ ഫണ്ട് അനുവദിച്ച് ഉത്തരവിറങ്ങി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ആംബൂലന്‍സ് വെള്ളിയാഴ്ച നിരത്തിലിറങ്ങും. ഇതുസംബന്ധമായി നേരത്തെ തേജസ് നല്‍കിയ വാര്‍ത്തയെ തുടര്‍ന്നാണ് ഫണ്ട് അനുവദിച്ചത്. വെറും 600 രൂപയ്ക്ക് ഫിറ്റ്‌നസ് പുതുക്കേണ്ടിയിരുന്ന പൊന്നാനി അഗ്നിശമനസേനയുടെ ആംബൂലന്‍സിന് പിഴമൂലം ഫിറ്റ്‌നസ് പുതുക്കാന്‍ മുപ്പതിനായിരത്തോളം രൂപയാണ് അടയ്‌ക്കേണ്ടിയിരുന്നത്.
എന്നാല്‍ ഫണ്ട് അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതാണ് തേജസ് വാര്‍ത്തയാക്കിയിരുന്നത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ ഉടന്‍ തന്നെ പരിഹാരം കാണുകയായിരുന്നു. ഫിറ്റ്‌നസ് പുതുക്കാന്‍ ഓരോ ദിവസം വൈകുംതോറും 50 രൂപ പിഴയടയ്ക്കണമെന്ന നിയമമാണ് ഇവിടെ വില്ലനായത്. 2016 ല്‍ ഫിറ്റ്‌നസ് പുതുക്കേണ്ടിയിരുന്ന ആംബൂലന്‍സ് സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് അറ്റകുറ്റപ്പണി നടത്തിയത്. 35000ല്‍ അധികം രൂപ ചെലവഴിക്കുകയും ചെയ്തു. രണ്ടുമാസം മുന്‍പ് എല്ലാം പണിയും കഴിഞ്ഞ് ആംബൂലന്‍സിറക്കിയപ്പോഴാണ് ഫിറ്റ്‌നസ് പുതുക്കാന്‍ 37000 രൂപ അടയ്ക്കാന്‍ ആര്‍ടിഒ പറഞ്ഞത്.
600 രൂപയ്ക്ക് ശരിയാക്കാമായിരുന്ന ഫിറ്റ്‌നസ് പുതുക്കലാണ് ഇത്രയും ഭീമമായ തുകയിലെത്തിയത്. മഴക്കാലമാവുകയും അപകടസാധ്യതകള്‍ വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യമായിട്ടും പിഴയില്‍ ഇളവ് നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പ് തയ്യാറായിട്ടില്ല. അടിയന്തിര സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക്  ഇളവ് നല്‍കണമെന്നാണ് ചട്ടം. അതും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. ചുരുക്കത്തി ല്‍ ഒരു അപകടം നടന്നാല്‍ പൊന്നാനി അഗ്നിശമനസേനയ്ക്ക്്് രക്ഷാപ്രവര്‍ത്തനം നടത്താന്‍ ആംബൂലന്‍സില്ലാത്ത സ്ഥിതിയായിരുന്നു.

RELATED STORIES

Share it
Top