അഗസ്ത്യമലയുടെ താളംതെറ്റിക്കാന്‍ ബയോ മെഡിക്കല്‍ മാലിന്യ പ്ലാന്റ്ശ്രീജിഷ  പ്രസന്നന്‍

തിരുവനന്തപുരം: പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശമായ അഗസ്ത്യമലയില്‍ ബയോ മെഡിക്കല്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മിക്കാ ന്‍ നീക്കം. തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല പഞ്ചായത്തില്‍ ഓടുചുട്ടപടുക്ക-കല്ലുമലയ്ക്കു സമീപം ഉള്‍വനത്തിലെ ഏഴരയേക്കര്‍ സ്ഥലമാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഗോസ് ഇക്കോ ഫ്രണ്ട്‌ലി (ഇമേജ്) എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിലാണ് ആശുപത്രിമാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള  സംവിധാനം ഇവിടെ ഒരുക്കുന്നത്. ഒമ്പതുകോടി 20 ലക്ഷം രൂപ ചെലവിട്ട് മൂന്ന് സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ഈ പ്രദേശം അതീവ പരിസ്ഥിതിലോല മേഖലയാണ്. അതിനു പുറമേ വാമനപുരം നദി, കല്ലടയാര്‍ എന്നിവയുടെ ഉദ്ഭവകേന്ദ്രമാണിവിടം. പദ്ധതിപ്രദേശത്തെ ഒരുകിലോമീറ്ററിനുള്ളില്‍ ജനവാസകേന്ദ്രവുമുണ്ട്. ഇത്തരമൊരു സ്ഥലത്ത് ആശുപത്രി മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിലെ ആശങ്കയിലാണ് സ്ഥലവാസികള്‍.
അഗസ്ത്യമല ബയോസ്ഫിയര്‍ കണ്‍സര്‍വേഷന്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. നിരവധി തവണ ആശങ്കയറിയിച്ചിട്ടും പദ്ധതിയുമായി മുന്നോട്ടുപോവാനാണ് അധികൃതര്‍ ശ്രമിച്ചതെന്ന് ഫോറം ചെയര്‍മാന്‍ എം ഷിറാസ് ഖാന്‍ പറഞ്ഞു. ഇമേജിന്റെ നേതൃത്വത്തില്‍ 2001ലാണ് പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ഒരുക്കമാരംഭിച്ചത്. സമാന മാതൃകയില്‍ കഞ്ചിക്കോട് സ്ഥാപിച്ച ഇമേജിന്റെ ഇന്‍സിനറേറ്ററിനെതിരേ വ്യാപക പരാതിയാണ് ഉയര്‍ന്നിട്ടുള്ളത്. രാജഭരണകാലത്ത് കൈമാറിക്കിട്ടിയ പതിനേഴര ഏക്കര്‍ സ്ഥലം വനത്തിനുള്ളില്‍ രണ്ടു സ്വകാര്യ വ്യക്തികളുടെ കൈവശമുണ്ട്. ഇതില്‍ നിന്ന് ഏഴരയേക്കര്‍ സ്ഥലം ഏറ്റെടുത്താണ് പ്ലാന്റ് നിര്‍മിക്കാന്‍ ഐഎംഎ പദ്ധതിയിട്ടത്. എന്നാല്‍, ഈ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ്.
ജനകീയ പ്രക്ഷോഭം ഭയന്ന് പദ്ധതിക്കുള്ള പ്രവര്‍ത്തനങ്ങള്‍ ഐഎംഎ അതീവ രഹസ്യമായാണു നടത്തിയതെന്ന് ബയോസ്ഫിയര്‍ കണ്‍സര്‍വേഷന്‍ ഫോറം ആരോപിക്കുന്നു. സൊസൈറ്റി ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇമേജിനെ ഒരു സര്‍ക്കാര്‍ സംരംഭമെന്ന തരത്തിലാണ് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നത്. കാട്ടാനകളുടെ പ്രജനനകേന്ദ്രം കൂടിയാണ് പദ്ധതിപ്രദേശം.
യുനസ്‌കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഈ പ്രദേശത്ത് ഒരു ചെറിയ വ്യതിയാനംപോലും വരുത്താന്‍ പാടില്ലെന്ന് ഗാഡ്ഗില്‍ റിപോര്‍ട്ടിലും പരാമര്‍ശമുണ്ട്. കുടിവെള്ളവും പരിസ്ഥിതിയും മലിനപ്പെടുത്തി പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് പെരിങ്ങമല പഞ്ചായത്തും എതിരാണ്. എന്നാല്‍, അനുമതി നേടിയെടുക്കാന്‍ പൊതുജനാഭിപ്രായം തേടുന്ന തിരക്കിലാണ് ഐഎംഎ. ജനുവരി 3ന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍  വീണ്ടും യോഗം ചേരുന്നുണ്ട്. എതിരഭിപ്രായത്തില്‍ കാര്യമില്ലെന്നും സര്‍ക്കാരിന്റെ അനുമതി നേടിയ പദ്ധതിയുമായി മുന്നോട്ടുപോവുമെന്നും ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ. എന്‍ സുള്‍ഫി പറഞ്ഞു. അതേസമയം, പദ്ധതി അനുമതിക്കായി യാതൊരു അപേക്ഷയും ഇതുവരെ പരിഗണനയില്‍ വന്നിട്ടില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു പ്രതികരിച്ചു.

RELATED STORIES

Share it
Top