അക്ഷര പെരുമ പുരസ്‌കാരം യൂ എ ഖാദറിന്

ദുബയ്:കൊയിലാണ്ടി കൂട്ടം യൂ എ ഇ ചാപ്റ്ററിന്റെ പ്രഥമ അക്ഷരപ്പെരുമ പുരസ്‌കാരത്തിന് പ്രശസ്ത സാഹിത്യകാരന്‍ യൂ എ ഖാദര്‍ അര്‍ഹനായി.25000 രൂപയും അക്ഷര പെരുമ ഫലകവും അടങ്ങുന്ന അംഗികാരം ഈ മാസം 27ന്‍ ദുബൈ ദേരയിലെ ഐ പി എ ഹാളില്‍ വെച്ച് നടക്കുന്ന കൊയിലാണ്ടി കൂട്ടം യൂ എ ഇ ചാപ്റ്റര്‍ ഏഴാം വാര്‍ഷികാഘോഷത്തില്‍ വെച്ച് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ബഷീര്‍ തിക്കോടി ,ഷാബു കിളിത്തട്ടില്‍ , നജീബ് മൂടാടി എന്നിവരടങ്ങിയ ജൂറിയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. 'കൊയിലാണ്ടി കൂട്ടം ഫെസ്റ്റ് 2018'പേരില്‍ നടക്കുന്ന ആഘോഷ ചടങ്ങിലാണ് യൂ എ ഖാദര്‍ ആദരിക്കപ്പെടുക
തൃക്കോട്ടൂര്‍ ദേശത്തെയും, വടക്കാന്‍പാട്ടിന്റെ താളമുള്ള കുറുമ്പ്രനാടിന്റെയും, കടത്തനാടിന്റെയും, വാമൊഴിവഴക്കത്തെയും കാലത്തെ വെല്ലുന്ന അക്ഷരങ്ങളിലൂടെ മലയാളിക്ക് സുപരിചിതമാക്കിയ എഴുത്തുകാരന്‍ എന്ന ചെറിയൊരു കള്ളിയിലേക്ക് മാത്രം ഒതുക്കപെടേണ്ട ഒരാളല്ല യു എ ഖാദറെന്ന് പുരസ്‌കാരത്തിനായി തെരഞ്ഞെടുത്ത ജൂറികമ്മിറ്റി വിലയെരുത്തി.അദ്ദേഹത്തിന്റെ പൊന്നതുമ്പില്‍ വിരിഞ്ഞ രചനകള്‍ കൈരളിയുടെ അഭിമാന അക്ഷരതുടിപ്പുകളാണ്

സ്വാതന്ത്ര്യ സമരകാലത്തും അതിന് ശേഷവും മനുഷ്യപക്ഷത്തു നില്‍ക്കുകയും പുരോഗമന ചിന്തയോടെ പ്രവര്‍ത്തിക്കുകയും. പാവപ്പെട്ടവനെ ചൂഷണം ചെയ്യുന്ന അധികാരി വര്‍ഗ്ഗത്തിന്റെ മുഷ്‌കിനും, അവര്‍ക്ക് കൂട്ടു നില്‍ക്കുന്ന പ്രമാണി വര്‍ഗ്ഗത്തിനും, പുരോഹിതര്‍ക്കും ഒക്കെ എതിരില്‍ വീറോടെ പോരാടിയ വിസ്മയം തീര്‍ത്ത എഴുത്തുകാരനാണ് യു. എ. ഖാദര്‍ എന്ന ഈ പ്രതിഭ .ബര്‍മ്മയില്‍ നിന്നും ബാപ്പയുടെ തോളിലേറിവന്ന കുട്ടി തന്റെ ബാല്യവും യൗവ്വനവും കഴിച്ചുകൂട്ടിയത് കൊയിലാണ്ടിയുടെ മണ്ണിലാണ്. ഇവിടെ നിന്നാണ് അനശ്വരമായ അദ്ദേഹത്തിന്റെ ഒട്ടേറെ കഥകളും കഥാപാത്രങ്ങളും ജീവന്‍വെച്ചത്.പിഷാരികാവിന്റെയും പാറപ്പള്ളിയുടെയും മണ്ണില്‍ നിന്ന്‌കൊണ്ട് നേര്‍ച്ചക്കൂറ്റുകളും പള്ളിവാളൊലിയും മുഴങ്ങിക്കേള്‍ക്കുന്ന അക്ഷരക്കൂട്ടുകളുടെ ഇന്ദ്രജാലമൊരുക്കി മലയാള സാഹിത്യത്തിന്റെ അഭിമാനമായ യു എ ഖാദര്‍ പേരും പെരുമയുമുള്ള കൊയിലാണ്ടിക്കാര്‍ക്ക് കേരളത്തിന് മുന്നില്‍ അഭിമാനത്തെടെ ചൂണ്ടിക്കാണിക്കാന്‍ കഴിയുന്ന സ്വന്തം നാട്ടുക്കാരനാണ്‌

RELATED STORIES

Share it
Top