അക്ഷയപാത്രം പദ്ധതിയുമായി കണ്ണൂര്‍ പോലിസ്

കണ്ണൂര്‍: പണ്ഡിതനും പാമരനും, പണക്കാരനും പാവപ്പെട്ടവനും വിശപ്പിന്റെ രുചി ഒന്നാണ്. ഒരുനേരത്തെ അന്നം കിട്ടാതെ വലയുന്ന ഒരുപാട് പേര്‍ ഇന്നും നമ്മുടെ ചുറ്റുമുണ്ട്. വിശക്കുന്നവനെ ഒരുനേരമെങ്കിലും ഊട്ടുകയെന്ന ഉദേശത്തോടെ സൗജന്യ ഭക്ഷണ വിതരണത്തിനു ജനകീയ പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് കണ്ണൂരിലെ നിയമപാലകര്‍. ടൗണ്‍ സ്റ്റേഷന്‍ കോംപൗണ്ടിലാണ് പോലിസ് അക്ഷയപാത്രം പദ്ധതിയുടെ ഭക്ഷണ വിതരണ കൗണ്ടര്‍ ഒരുക്കിയിട്ടുള്ളത്. വിശന്നുവരുന്ന ആര്‍ക്കും കൗണ്ടറില്‍ എത്തിയാല്‍ ഏതുസമയവും ഭക്ഷണപ്പൊതി ലഭിക്കും. ഇവര്‍ക്കെല്ലാം ആത്മാഭിമാനത്തോടെ ഇവിടെയിരുന്ന് ഭക്ഷണം കഴിക്കാം. യാചകര്‍ മുതല്‍ ഭക്ഷണത്തിനു പണമില്ലാതെ വലയുന്നവര്‍ക്ക് വരെ ഉപകരിക്കുന്ന രീതിയിലാണു സംവിധാനം. അത്താഴക്കൂട്ടം ഫേസ്ബുക്ക് കൂട്ടായ്മയുടെ സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്. ഭക്ഷണം നല്‍കാന്‍ താല്‍പര്യമുള്ള ആര്‍ക്കും 9544594444 എന്ന നമ്പറില്‍ ബന്ധപ്പെടാം. അത്താഴക്കൂട്ടം പ്രവര്‍ത്തകരെത്തി ശേഖരിക്കും. കൗണ്ടറില്‍ നേരിട്ടും ഭക്ഷണപ്പൊതി ഏല്‍പിക്കാം. സ്ഥിരമായി ഭക്ഷണപ്പൊതി കൈപറ്റുന്നവരെ കണ്ടെത്തി സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പുനരധിവാസത്തിന് സംവിധാനമൊരുക്കും. ഇതിന് പുറമെ അഗതികള്‍ക്കും പാവപ്പെട്ടവര്‍ക്കും പുതുവസ്ത്രം ശേഖരിച്ചു നല്‍കുന്നതിനായി പ്രത്യേക കൗണ്ടറും പ്രവര്‍ത്തിക്കും. വിവിധ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ബന്ധപ്പെട്ടാണ് വസ്ത്രങ്ങള്‍ കൈമാറുക. ഇവിടെ സജ്ജീകരിക്കുന്ന പെട്ടിയില്‍ ആര്‍ക്കും പുതുവസ്ത്രങ്ങള്‍ നിക്ഷേപിക്കാം. അല്ലെങ്കില്‍ 9447670322 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ അത്താഴക്കൂട്ടം പ്രവര്‍ത്തകരെത്തി ശേഖരിക്കും. വിഷയത്തില്‍ അനുകൂലമായ പ്രതികരണമാണ് ഹോട്ടലുടമകളില്‍നിന്നും സന്നദ്ധ സംഘടനകളില്‍നിന്നും ലഭിച്ചതെന്ന് ഡിവൈഎസ്പി പി പി സദാനന്ദന്‍ പറഞ്ഞു.ഭക്ഷണത്തിനും വസ്ത്രത്തിനുമൊപ്പം കരുതലും സ്‌നേഹവും പങ്കുവയ്ക്കുക എന്നതാണ് പദ്ധതിയുടെ പ്രത്യേകത. പോലിസ് അക്ഷയപാത്രം പദ്ധതിയുടെ ഉദ്ഘാടനം 17നു രാവിലെ 10ന് പി കെ ശ്രീമതി എം പി നിര്‍വഹിക്കും.

RELATED STORIES

Share it
Top