അക്രമ സംഭവങ്ങള്‍ പ്രത്യേകസംഘം അന്വേഷിക്കും

ആലപ്പുഴ: നഗരത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ കെഎസ്‌യു- സിപിഎം സംഘര്‍ഷത്തെ തുടര്‍ന്ന് സി.പി.എമ്മും കോണ്‍ഗ്രസും ആഹ്വാനംചെയ്ത ഹര്‍ത്താല്‍ സമാധാനപരം.  ഇന്നലെ രാവിലെ ഉച്ചവരെ ആയിരുന്നു ഹര്‍ത്താല്‍. കെഎസ്ആര്‍ടിസി ബസുകളും ജലഗാതഗത വകുപ്പിന്റെ ബസുകളും സര്‍വീസ് നടത്തിയത് ജനങ്ങള്‍ക്ക് ആശ്വാസമായി. നഗരത്തില്‍ കടകള്‍ തുറന്നില്ല.
അതേ സമയം അക്രമപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നാല് കേസുകള്‍ ടൗണ്‍ സൗത്ത് പോലിസ് രജിസ്റ്റര്‍ ചെയ്തു. ഇരു വിഭാഗത്തിലും പെട്ട കണ്ടാലറിയാവുന്ന പ്രതികള്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. പോലിസുകാരെ ആക്രമിച്ച സംഭവത്തില്‍ പ്രത്യേകം കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഘം ചേര്‍ന്ന് കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. അക്രമസംഭവങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കെഎസ്‌യു  ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസും സിപിഎമ്മും നഗരത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. സിപിഎമ്മിന്റെ കൊടി തോരണങ്ങള്‍ നശിപ്പിച്ചുവെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെയാണ് നഗരം മണിക്കൂറുകളോളം യുദ്ധക്കളമായത്. തുടര്‍ന്ന്  കെഎസ്‌യുവിന്റെ സമര കാഹളം പരിപാടിക്കെത്തിയ പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനങ്ങളും അടിച്ചു തകര്‍ത്തിരുന്നു.
തെരുവുയുദ്ധത്തിലേക്കു നീങ്ങിയ സംഘര്‍ഷത്തില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി, ആലപ്പുഴ ഡിവൈഎസ്പി പി വി ബേബി എന്നിവരുള്‍പ്പടെ അമ്പതോളം പേര്‍ക്കു പരുക്കേറ്റു. കൊടിക്കുന്നില്‍ സുരേഷ് എംപി, കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാന്‍ എന്നിവരുടെ കാറുകള്‍ ഉള്‍പ്പടെ പത്തു വാഹനങ്ങള്‍ തകര്‍ത്തു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു കെഎസ് യു പ്രവര്‍ത്തകര്‍ എത്തിയ ആറു ബസുകളും അക്രമത്തില്‍ തകര്‍ന്നു. സംസ്ഥാന സമ്മേളന വേദിയിലേക്ക് സിപിഎം,ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇരച്ചു കയറാന്‍ നടത്തിയ ശ്രമം പൊലീസ് തടഞ്ഞതിനെ തുടര്‍ന്നു മുല്ലയ്ക്കലില്‍ ഇരുകൂട്ടരും തമ്മില്‍ കല്ലേറുണ്ടായി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സമ്മേളന വേദി വിട്ട ഉടനെയാണ് സംഗമ വേദിക്കു സമീപം സംഘര്‍ഷം രൂപപ്പെട്ടത്. മണിക്കൂറുകളോളം നീണ്ട തെരുവുയുദ്ധത്തില്‍ ആലപ്പുഴ നഗരം സ്തംഭിച്ചു. രാത്രി വൈകിയാണ് സംഘര്‍ഷത്തിന് അയവു വന്നത്.
കെഎസ്‌യു സംസ്ഥാന സംഗമത്തിന്റെ ഭാഗമായ റാലിക്കിടെ ആറു മണിയോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. വെള്ളക്കിണര്‍ ജംക്ഷനിലെ സിപിഎം കൊടി തോരണങ്ങള്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ നശിപ്പിച്ചുവെന്നാരോപിച്ചു സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ വന്ന ബസുകള്‍ കല്ലെറിഞ്ഞു തകര്‍ത്തു.
ജില്ലാ കോടതി പാലത്തിനു സമീപത്തെ ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസിനു നേരെയുണ്ടായ കല്ലേറില്‍ രണ്ടു പേര്‍ക്കു പരുക്കേല്‍ക്കുകയും സ്‌കൂട്ടര്‍ തകരുകയും ചെയ്തതോടെ സംഘര്‍ഷം വീണ്ടും മൂര്‍ഛിച്ചു. ഈ സമയം വിവിധ ഭാഗങ്ങളില്‍ നിന്നു സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകരും ഒത്തുകൂടി സമ്മേളനവേദിക്കു സമീപം അണിനിരന്നു.
ജില്ലാ പൊലീസ് മേധാവി എസ്. സുരേന്ദ്രന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം എത്തിയെങ്കിലും സമ്മേളന വേദി സംഘര്‍ഷത്തിലേക്കു നീങ്ങി. ഇതിനിടെ കല്ലേറും പൊട്ടിപ്പുറപ്പെട്ടു. ഇരു വിഭാഗത്തിനും ഇടയ്ക്കു നിന്ന മൂന്നു പൊലീസ് ഓഫീസര്‍മാര്‍ക്കും പരുക്കേറ്റു. പരുക്കേറ്റ പത്തു കെഎസ് യു പ്രവര്‍ത്തകരും എട്ടു സിപിഎം പ്രവര്‍ത്തകരും വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഇതിനിടെ കോണ്‍ഗ്രസ്, സിപിഎം നേതാക്കളും പൊലീസും പ്രവര്‍ത്തകരെ അനുനയിപ്പിച്ചു മാറ്റിയതോടെയാണ് സംഘര്‍ഷത്തിന് അയവു വന്നത്.
അതേ സമയം കെ എസ് യു സംസ്ഥാന സമ്മേളനത്തിന് നേര്‍ക്കു സി പി എം നടത്തിയ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന കമ്മറ്റി ഇന്ന് ആഹ്വാനം ചെയ്ത പഠിപ്പ് മുടക്ക് സമരത്തില്‍ നിന്നും ആലപ്പുഴ ജില്ലയെ ഒഴിവാക്കിയതായി  ജില്ലാ പ്രസിഡന്റ് നിധിന്‍ എ പുതിയിടം അറിയിച്ചു. മറ്റ് ജില്ലകളില്‍ പഠിപ്പ് മുടക്കുമെന്നും കെഎസ്‌യു അറിയിച്ചു.

RELATED STORIES

Share it
Top