അക്രമിസംഘത്തിന്റെ ക്രൂരമര്‍ദനം: യുവാവ് മരണത്തിനു കീഴടങ്ങി

കരുനാഗപ്പള്ളി: ഓച്ചിറ ക്ലാപ്പനയില്‍ അക്രമിസംഘം ക്രൂരമായി മര്‍ദിച്ചതിനെ തുടര്‍ന്ന് അബോധാവസ്ഥയില്‍ ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. ക്ലാപ്പന കല്ലേശ്ശേരില്‍ ക്ഷേത്രത്തിനു സമീപം പുത്തന്‍തറയില്‍ രാജേഷ് (31) ആണു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചത്.
വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. കഴിഞ്ഞ നാലിന് വീട്ടില്‍ നിന്ന് അയല്‍വാസിയായ സുരേഷാണ് രാജേഷിനെ ആലുംപീടികയിലെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയത്. അവിടെ വച്ച് അക്രമികളുടെ ക്രൂരമര്‍ദനത്തിന് ഇരയായ രാജേഷ് സമീപവീട്ടില്‍ അഭയം തേടുകയും പിന്നീട് പുലര്‍ച്ചെ രണ്ടോടു കൂടി പ്രയാര്‍ ജങ്ഷന് തെക്കുഭാഗത്ത് റോഡില്‍ അബോധാവസ്ഥയില്‍ രാജേഷിനെ കണ്ടെത്തുകയുമായിരുന്നു. രാജേഷ് വിദേശത്തു നിന്നു മൂന്നിനാണ് നാട്ടിലെത്തിയത്. മര്‍ദനം സംബന്ധിച്ച് ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ അന്വേഷണം നടത്തിയിട്ടില്ലെന്നാണ് ആക്ഷേപം.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഭാര്യ: വിദ്യ. മകന്‍: അഭിഷേക്.

RELATED STORIES

Share it
Top