അക്രമികളെ വെടിവച്ചുവീഴ്ത്തി ഭര്‍തൃസഹോദരനെ ദേശീയ ഷൂട്ടിങ് താരം രക്ഷപ്പെടുത്തിന്യൂഡല്‍ഹി: അക്രമികളെ വെടിവച്ചുവീഴ്ത്തി ഭര്‍തൃസഹോദരനെ ദേശീയ ഷൂട്ടിങ് താരം രക്ഷപ്പെടുത്തി. ഷൂട്ടിങ് പരിശീലക കൂടിയായ ആയിഷ വെടിവച്ചു വീഴ്ത്തിയ രണ്ട് അക്രമികളെ പോലിസ് കസ്റ്റഡിയിലെടുത്തു. ആയിഷയ്ക്ക് തോക്ക് കൈവശം വയ്ക്കുന്നതിന് ലൈസന്‍സുണ്ട്. കൂടാതെ വെടിവച്ചത് സഹോദരന്റെ ജീവന്‍ രക്ഷിക്കാനുമായതിനാല്‍ നിയമപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്നാണ് പോലിസ് അറിയിച്ചത്. ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ഥിയായ ആസിഫ് ആണ് ആയിശയുടെ സഹോദരന്‍. ഒഴിവുസമയത്ത് ഡ്രൈവറായി ജോലി ചെയ്തിരുന്ന ആസിഫ് ശനിയാഴ്ച പുലര്‍ച്ചെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ആ സമയം കാറില്‍ കയറിയ രണ്ടു പേര്‍ വിജനമായ സ്ഥലത്തെത്തിയപ്പോള്‍ ആസിഫിനെ ആക്രമിച്ച് പേഴ്‌സ് തട്ടിയെടുത്തു. പേഴ്‌സില്‍ 150 രൂപയേ ഉണ്ടായിരുന്നുള്ളൂ. ഇതോടെ ആസിഫിനെ വിട്ടുകിട്ടാന്‍ 25,000 രൂപയുമായി വരാന്‍ പറഞ്ഞ് വീട്ടുകാരെ ഭീഷണിപ്പെടുത്തി. പോലിസിനൊപ്പം ആയിഷയും ഭര്‍ത്താവും ആക്രമികള്‍ പറഞ്ഞ ശാസ്ത്രി പാര്‍ക്കിലെത്തി. പോലിസ് ഉണ്ടെന്നറിഞ്ഞ അക്രമികള്‍ ഉടന്‍ സ്ഥലം വിട്ടു. പിന്നീട് വീണ്ടും ഭജന്‍പുരയില്‍ പോലിസില്ലാതെ പണവുമായി വരാന്‍ ആവശ്യപ്പെട്ടു. ആയിഷയും ഭര്‍ത്താവും കാറില്‍ അക്രമികളെ പിന്തുടരുകയും വെടിയുതിര്‍ക്കുകയുമായിരുന്നു.  ഒരാളുടെ അരക്കെട്ടിലും മറ്റേയാളുടെ കാലിലുമാണ് വെടിയേറ്റത്. രക്ഷപ്പെട്ട് ഓടാന്‍ ശ്രമിച്ച ഇരുവരെയും പോലിസ് പിന്തുടര്‍ന്നു പിടികൂടി. 2015ലെ നോര്‍ത്ത് സോണ്‍ ഷൂട്ടിങില്‍ വെങ്കല മെഡല്‍ ജേതാവാണ് ആയിഷ.

RELATED STORIES

Share it
Top