അക്രമങ്ങള്‍ക്ക് കല്‍ക്കരി മാഫിയയുടെ സഹായം ലഭിച്ചെന്ന് അധികൃതര്‍

കൊല്‍ക്കത്ത/ അസനോള്‍: രാമനവമി ആഘോഷങ്ങള്‍ക്കിടെ അക്രമങ്ങള്‍ അരങ്ങേറിയ പശ്ചിമബംഗാളിലെ അസനോള്‍ റാണി ഗഞ്ച് മേഖല സാധാരണ നിലയിലേക്ക്. ഇന്നലെമുതല്‍ പ്രദേശത്ത് വാഹനങ്ങള്‍ നിരത്തിലിറങ്ങിയതായും വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു. അസനോളിന്റെ വടക്കന്‍ മേഖലയില്‍ ഇപ്പോഴും സംഘര്‍ഷം നില്‍ക്കുന്നുണ്ട്.  അതേസമയം അസനോളിലും റാണിഗഞ്ചിലും ഉണ്ടായ അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ പ്രദേശത്തെ കല്‍ക്കരി മാഫിയക്ക് പങ്കുള്ളതായി അന്വേഷണ ഏജന്‍സികളുടെ റിപോര്‍ട്ടുണ്ട്്.
എന്നാല്‍, പുതിയ അക്രമസംഭവങ്ങള്‍ ഒന്നും റിപോര്‍ട്ട്് ചെയ്തിട്ടില്ലെന്ന് സബ് ഡിവിഷനല്‍ ഒഫിസര്‍ പറഞ്ഞു.  പ്രദേശത്ത് ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളും ഉത്തരവുകളും  ഏപ്രില്‍ നാലുവരെ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞദിവസം ഉന്നതതല യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ ചീഫ് സെക്രട്ടറി, അഭ്യന്തര സെക്രട്ടറി, ഡിജിപി, എഡിജിപി എന്നിവരും പങ്കെടുത്തു.
അക്രമികള്‍ക്ക് ആവശ്യമായ ആയുധങ്ങളും അള്‍ബലവും സാമ്പത്തിക സഹായവും എത്തിച്ചത് അസനോള്‍ റാണിഗഞ്ച് കല്‍ക്കരി മേഖലയില്‍ നിന്നുള്ളവരാണെന്നാണ് റിപോര്‍ട്ട്. അക്രമം നടത്തിയ  ഇരു വിഭാഗങ്ങളും സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും ശേഖരിച്ച് വച്ചിരുന്നു. ഇതിനു പുറമെ സംസ്ഥാനത്തിന് പുറത്തുള്ളവരും അക്രമങ്ങളില്‍ പങ്കാളികളായതായും റിപോര്‍ട്ടില്‍ പറയുന്നു.
മൂന്നു ദിവസത്തിലധികം നീണ്ടു നിന്ന അക്രമ സംഭവങ്ങളെ തുടര്‍ന്ന് നിരവധിപേര്‍ പ്രദേശം വിട്ട് പലായനം ചെയ്തിരുന്നു. നിരവധി വീടുകള്‍ കൊള്ളയടിക്കപ്പെടുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. രമനവമി അഘോഷങ്ങളുടെ ഭാഗമായി അരങ്ങേറിയ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് നടക്കുന്ന ഹനുമാന്‍ ജയന്തിക്ക് പോലിസ് കടുത്ത സുരക്ഷയൊരുക്കി.

RELATED STORIES

Share it
Top