അക്രമങ്ങളെ ജനാധിപത്യരീതിയില്‍ നേരിടും: രമേശ് ചെന്നിത്തല

വടകര: ഭരണത്തണലില്‍ സിപിഎം നേതാക്കളുടെ ഒത്താശയോടെ നടത്തുന്ന അക്രമങ്ങളെ ജനാധിപത്യരീതിയില്‍ ജനങ്ങളെ അണിനിരത്തി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 36 മാസം മാത്രമെ ഇനി പിണറായി വിജയന് ഭരണത്തിലിരിക്കാന്‍ കഴിയു. സിപിഎമ്മിന്റെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഓര്‍ക്കാട്ടേരിയിലും ഒഞ്ചിയത്തും നടന്ന അക്രമസംഭവങ്ങളില്‍ പോലിസ് സ്വീകരിച്ച പക്ഷപാതപരമായ നടപടികള്‍ക്കെതിരേ എടച്ചേരി പോലിസ് സ്റ്റേഷനിലേക്ക് നടന്ന ബഹുജന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടി പി ചന്ദ്രശേഖരനെന്ന നല്ല മനുഷ്യനെ വെട്ടിക്കൊന്നിട്ട് കള്ളം പ്രചരിപ്പിച്ചവരാണ് പിണറായിയും കൂട്ടരുമെന്ന് മാര്‍ച്ചിനെ അഭിസംബോധന ചെയ്ത പി സി ജോര്‍ജ് എംഎല്‍എ പറഞ്ഞു. ഇടതുഭരണത്തില്‍ കോട്ടയം ജില്ലയിലെല്ലാം റൂറല്‍ എസ്പി മാര്‍ക്ക് ഏരിയ സെക്രട്ടറിയുടെ പദവിയാണെങ്കില്‍ വടകരയില്‍ അത് ബ്രാഞ്ച് സെക്രട്ടറിയുടെ നിലയിലേക്ക് തരംതാണിരിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
പാറക്കല്‍ അബ്ദുള്ള എംഎല്‍എ, കെ സി വേണുഗോപാല്‍, അഹമ്മദ് പുന്നക്കല്‍, ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ്, ആര്‍എംപി സംസ്ഥാന സെക്രട്ടറി എ ന്‍ വേണു, കെ എസ് ഹരിഹരന്‍, കെകെ രമ, അഡ്വ. ഐ മൂസ, ആര്‍എംപിഐ ജില്ലാ സെക്രട്ടറി കെ പി പ്രകാശന്‍ സംസാരിച്ചു. കച്ചേരിമൈതാനിയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് സ്റ്റേ ഷന്‍ ഗേറ്റിനു സമീപം പോലിസ് തടഞ്ഞു.

RELATED STORIES

Share it
Top